ഗംഗാധരന് വികാരനിർഭരമായി വിടവാങ്ങൽ ചൊല്ലി ന്യൂഹാം
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, March 11, 2025 4:20 PM IST
ന്യൂഹാം: ന്യൂഹാമിൽ ഗംഗാധരന് വികാരനിർഭരമായ വിടവാങ്ങൽ ചൊല്ലി പൗരാവലി. ഈസ്റ്റ്ഹാം എംപി സ്റ്റീഫൻ ടിംസ് (മന്ത്രി, വർക്ക്സ് ആൻഡ് പെൻഷൻസ്), ന്യൂഹാം കൗൺസിൽ സിവിക് മേയർ രോഹിമ റഹ്മാൻ, ന്യൂഹാം കൗൺസിൽ എക്സിക്യൂട്ടീവ് മേയർ റുഖ്സാന ഫിയാസ് (ലണ്ടനിലെ നാലു കൗൺസിലുകളിൽ മാത്രമുള്ള ഇലക്ടഡ് മേയർ), സുരേഷ് ധർമജ (പ്രസിഡന്റ്, ശ്രീനാരായണ ഗുരു മിഷൻ), ബൈജു പാലക്കൽ (ചെയർ, ശിവഗിരി ആശ്രമം), സുബാഷ് സദാശിവൻ (മുൻ ചെയർ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷൻ) തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

മുൻ സിവിക് മേയർ ഡോ. ഓമന ഗംഗാധരന്റെ ഭർത്താവാണ് ഗംഗാധരൻ. ഡോ. ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കി സിനിമയാക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി’ എന്ന അനശ്വര ഗാനമടക്കം ഓർമച്ചെപ്പിൽ നിന്നുമെടുത്ത നിരവധി ഫോട്ടോകളും സമ്മാനിച്ച മധുര മുഹൂർത്തങ്ങൾ വേദിയെ വികാരസാന്ദ്രമാക്കി.
ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് ഹിന്ദുമതാചാരപ്രകാരം മലയാളത്തിലും തമിഴിലും നടന്ന മരണാനന്തര കർമങ്ങൾക്ക് പൂജാരി മുരുകാനന്ദൻ നേതൃത്വം നൽകി. തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹന കർമം നടത്തി.
കഴിഞ്ഞമാസം ഫെബ്രുവരി 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഗംഗാധരൻ മരിച്ചത്. ഗംഗാധരൻ സിംഗപ്പുരിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്.

നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹിക രംഗത്തും സജീവമായിരുന്ന ഗംഗാധരൻ ലണ്ടനിൽ ശ്രീനാരായണ ഗുരു മിഷൻ സ്ഥാപകരിലൊരാളും പ്രസ്ഥാനത്തിനായി നിരവധിയായ സംഭാവനകൾ നൽകിയിട്ടുമുള്ള വ്യക്തിയാണ്.
ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ. കാർത്തിക, കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.
ഗിരി വിദ്യാധരൻ (ഗുരുമിഷൻ യുകെ) ശ്രീനാരായണ ഗുരു രചിച്ച ദൈവ ദശകം ആലപിച്ച് പ്രാർഥിച്ചു കൊണ്ടാണ് ക്രിമറ്റോറിയത്തിലെ മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചത്. ദേവാസന സായി ‘ഹരിവരാസനം’ പാടിക്കൊണ്ട് പ്രാർഥനാപൂർവം ആത്മാവിനു നിത്യശാന്തി നേർന്ന് അനുശോചന യോഗ നടപടികൾക്ക് പരിസമാപ്തിയായി.