കൊച്ചിൻ കലാഭവൻ ലണ്ടൻ യുകെ മലയാളികളെ ആദരിക്കുന്നു
Saturday, March 15, 2025 5:03 PM IST
ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ ഏപ്രിൽ 12ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന നൃത്തോത്സവത്തിനോട് അനുബന്ധിച്ച് കലാ - സാഹിത്യ - സാംസ്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നൽകിയ യുകെ മലയാളികളെ ആദരിക്കുന്നു.
സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, സംസ്ക്കാരികം, നാടകം, സിനിമ, മാധ്യമം, കേരളത്തിന്റെ തനത് കലകൾ തുടങ്ങിയ വിവിധങ്ങളായ രംഗങ്ങളിൽ യുകെയിലെ മലയാളി സമൂഹത്തിൽ സമഗ്ര സംഭാവനകൾ നല്കിയിട്ടുള്ളവരാണ് പുരസ്കാരങ്ങൾക്ക് അർഹരാകുക.
കുറഞ്ഞത് അഞ്ചു വർഷമെങ്കിലും യുകെയിലെ മലയാളി സമൂഹത്തിൽ മേൽപ്പറഞ്ഞ ഏതെങ്കിലും രംഗങ്ങളിൽ പ്രവർത്തിച്ച് യുകെ മലയാളികളുടെ അംഗീകാരം നേടിയവരെയായിരിക്കും പുരസ്കാരങ്ങൾക്ക് പരിഗണിക്കുക.
കൊച്ചിൻ കലാഭവൻ സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി അംഗവും പ്രശസ്ത കലാകാരനുമായ കെ.എസ്. പ്രസാദ് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. വ്യക്തികൾക്ക് നേരിട്ടു പുരസ്കാരത്തിനായി നാമനിർദ്ദേശം നൽകാം.

മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ പുരസ്കാര ജേതാക്കളെ നിർദ്ദേശിക്കാം. പുരസ്കാരങ്ങൾക്കു വേണ്ടിയുള്ള നോമിനേഷൻസ് ലഭിക്കേണ്ട അവസാന തീയതി ഈ മാസം 28നാണ്.kalabhavanlondon@gmail.com എന്ന ഈമെയിലിൽ പുരസ്കാരത്തിന് വ്യക്തികളെ നിർദ്ദേശിക്കാം.
വ്യക്തിയുടെ പേരും വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും പ്രവർത്തന മേഖലയും വ്യക്തിയെക്കുറിച്ചുള്ള ലഘുവിവരണവും നോമിനേഷനുകളിൽ ഉണ്ടായിരിക്കണം.
ഏപ്രിൽ 12ന് ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പ്യൻ അക്കാഡമി ഹാളിൽ വച്ചു നടക്കുന്ന ഡാൻസ് ഫെസ്റ്റിവെല്ലിനും സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾക്കും ശേഷമായിരിക്കും പുരസ്കാരങ്ങൾ സമ്മാനിക്കുക.
"ജിയാ ജലേ' സിനിമാറ്റിക് ഡാൻസ് വർക്ക് ഷോപ്പിനും മത്സരങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും ഏതെങ്കിലും ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക.
മത്സരങ്ങൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 28 വരെ നീട്ടിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: കൊച്ചിൻ കലാഭവൻ ലണ്ടൻ ഫോൺ: 07841613973, ജിമെയിൽ: kalabhavanlondon@gmail.com.