ബ്രിട്ടൻ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണൻ മത്സരിക്കും
Saturday, March 8, 2025 5:24 PM IST
ലണ്ടൻ: മേയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണൻ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി ഡർബിഷെയർ കൗണ്ടി കൗൺസിൽ സ്പിയർ വാർഡിൽ നിന്ന് ജനവിധി തേടുന്നു.
നിലവിൽ ലേബർ പാർട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികൾ അടക്കുമുള്ള കുടിയേറ്റക്കാരുടെ വോട്ടുകൾ നിർണായകമാണ്. യുകെയിലെ എൻഎച്ച്സിലെ നഴ്സായി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണൻ, കുടിയേറ്റക്കാർക്ക് ഇടയിൽ വളരെ ജനകീയതയുള്ള വ്യക്തിയാണ്.
നഴ്സായ തന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകർഷിച്ചിട്ടുണ്ടെന്നും ആരോഗ്യ രംഗത്തും സാമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടൽ നടത്താൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങൾ വരുത്താനും ആഗ്രഹിക്കുന്നു. ഇതിൽ മലയാളികളായ വോട്ടർമാരുടെ സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നതായും സ്വരൂപ് കൃഷ്ണൻ കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം തന്നെ പ്രദേശത്തെ മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നിലവിൽ ലേബർ പാർട്ടിയുടെ കെെയിലാണ് മണ്ഡലം. അത് തിരിച്ചു പിടിക്കാൻ വേണ്ടിയിട്ടുള്ള ഒരു ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ ഏറെ മലയാളികൾ വസിക്കുന്ന സ്പൈർ പ്രദേശത്ത് മലയാളികളുടെ വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ് കൺസർവേറ്റിവ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സ്വരൂപ് കൃഷ്ണന്റെ സ്ഥാനാർഥിത്വം ലേബർപാർട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
കൺസർവേറ്റീവ് പാർട്ടി കരുതുന്നത് പോലെ മലയാളികളുടെ വോട്ട് പൂർണമായും സ്വരൂപിന് നേടാൻ കഴിഞ്ഞാൽ കൺസലേറ്റ് ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള സാധ്യത ഏറെയാണ്. 2021ൽ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്ണൻ തിരുവനന്തപുരം സ്വദേശിയാണ്.
കഴിഞ്ഞ രണ്ടുവർഷമായിയാണ് കൺസർവേറ്റീവ് പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്. കഴിഞ്ഞ ഇലക്ഷന് പാർലമെന്റ് ഇലക്ഷനിലെ കൺസർവേറ്റീവ് പാർട്ടി കാൻഡിഡേറ്റ് ബെൻ ഫ്ലൂക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.