ബെല്‍ഫാസ്റ്റിൽ സീറോമലബാര്‍ ബൈബിള്‍ കലോത്സവം മഹനീയമായി
ജോസ് കുമ്പിളുവേലില്‍
Saturday, March 15, 2025 2:32 AM IST
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലൻഡിലെ സീറോ മലബാര്‍ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകല്‍പ്പൂരമായ ബൈബിള്‍ ഫെസ്റ്റ് മാര്‍ച്ച് എട്ടിന് ബെല്‍ഫാസ്റ്റിലെ ഓള് സെയിന്റ്സ് കോളജില്‍ നടത്തപ്പെട്ടു. രാവിലെ പത്തുമണിക്ക് ബെല്‍ഫാസ്റ്റ് റീജൺ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ബൈബിള്‍ ഫെസ്റ്റ് ഡയറക്ടര്‍ ഫാ. ജെയിന് മന്നത്തുകാരന്‍, ഫാ.അനീഷ് വഞ്ചിപ്പാറയില്‍, ഫാ.ജോഷി, ഫാ. സജി, ഫാ.ജോ പഴേപറമ്പില്‍, ബൈബിള്‍ ഫെസ്റ്റ് കോഓര്‍ഡിനേറ്റര്‍മാരായ ബാബു ജോസഫ്, രാജു ഡെവി, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് കുഞ്ഞുമോന് ഇണ്ടികുഴി, റീജിയണല്‍ ട്രസ്റ്റി ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ്, പിആര്‍ഒ ആനന്ദ് ജോസഫ്, മറ്റു റീജിയണല്‍ കൗണ്‍സില്‍ അംഗങ്ങളായ മോന്‍സി തോമസ്, സോജന് സെബാസ്റ്റ്യന്‍, ജ്യോതിസ് ചെറിയാന് ബൈബിള്‍ ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മലയാളി കലാമേളയാണ് നൂറുകണക്കിന് ആസ്വാദകര്‍ തിങ്ങിനിറഞ്ഞ സദസില്‍ അവതരിപ്പിക്കപ്പെട്ടത്. ബൈബിള്‍ അധിഷ്ഠിതമായിരുന്നു കലാമേളയെങ്കിലും മാത്സര്യം നല്കിയ വീര്യം, അവതരണ മികവും കലാമൂല്യവും നിലവാരവും ഏറെ ഉയര്‍ത്തിപ്പിടിച്ചു. പലരും പ്രവാസ ജീവിതത്തിന് മുന്‍പ് അഴിച്ചു വച്ച ചിലങ്കയും ചായവും ഒരിക്കല്‍ കൂടി എടുത്തണിഞ്ഞു.
അരങ്ങിലെത്തിയ കലാകാരികളുടെ നൃത്തം മിഴിവാര്‍ന്ന ആടയാഭരണങ്ങളും മികവാര്‍ന്ന ചുവടുകളും നിരന്തര പരിശീലനം മൂലം നേടിയ ചടുലതയും താളവും കൊണ്ട് ഒന്നിനൊന്നു മികച്ചു നിന്നു. ഗാനാലാപന വീഥിയില്‍ വന്നതൊക്കെയും മികവിന്റെ ഈണവും താളവും ശ്രുതിയും ആയിരുന്നു. കുട്ടികളും മുതിര്‍ന്നവരും വിവിധ മല്‍സര ഇനങ്ങളില്‍ പങ്കെടുത്തു.
ചിത്ര രചനയിലും ഏകാഭിനയത്തിലും സര്‍ഗശേഷിയുള്ള കുട്ടികള്‍ മാറ്റുരച്ചു. കൊച്ചു കുട്ടികള്‍ക്കായി നടതിയ കളറിംഗില്‍ പോലും പുത്തന്‍ പ്രതിഭകളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന രചനകള്‍ ഉണ്ടായി. സ്കിറ്റ് മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ടവയെല്ലാം സാങ്കേതികത്വവും അഭിനയ ചാരുതയും ആശയ സമ്പുഷ്ടത കൊണ്ടും ചിന്തോദ്ദീപകവും ആസ്വാദ്യ കരവും ആയിരുന്നു.
നോര്‍ത്തേണ്‍ അയര്‍ലൻഡിലെ ഏഴ് ഇടവകകളായി പരന്നു കിടക്കുന്ന സീറോമലബാര്‍ കാത്തലിക് സമൂഹത്തിലെ കലാകാരന്മാരും കലാകാരികളുമായ വിവിധ പ്രായക്കാര്‍ അണിനിരന്ന മേളയില്‍ വിധി കര്‍ത്താക്കള്‍ ആയും പരിശീലകരായും കേരളത്തിലെ സ്കൂള്‍ - യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മുന്‍കാല വിജയികള്‍ അണിനിരന്നതു കലാമേളയുടെ ഔന്നത്യം വിളിച്ചോതി.
വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി. വൈകുന്നേരത്തോടെ പരിപാടികള്‍ ഭംഗിയായി അവസാനിച്ചു.