വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക സമ്മേളനം 29ന്
ജോളി എം. പടയാട്ടില്‍
Saturday, March 15, 2025 3:45 PM IST
ലണ്ടൻ: വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരികവേദിയുടെ 19-ാം സമ്മേളനം ഈ മാസം 29ന് വൈകുന്നേരം മൂന്നിന്(യുകെ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്യും.
കേരളം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയില്‍നിന്നും എങ്ങനെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനും ജനസേവ ശിശുഭവന് പ്രസിഡന്റുമായ അഡ്വ. ചാര്‍ളി പോളും 30 വര്‍ഷമായി ദുബായിയില്‍ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് അംഗവുമായ ഡോ. ജോര്‍ജ് കാലിയാടന്‍ എന്നിവരാണ്.
ശതോത്തര സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു 150 വനിതകളെ ഉള്‍പ്പെടുത്തി ക്രിസ്തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാ തിരുവാതിര വീണ്ടും ഈ കലാസാംസ്കാരിക വേദിയില്‍ അവതരിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച വേള്‍ഡ് മലയാളി കണ്‍സില്‍ യുറോപ്പ് റീജിയന് ഒരുക്കുന്ന ഈ കലാസാംസ്്കാരികവേദിയുടെ അടുത്ത സമ്മേളനം ഈ മാസം 29ന് യുകെ സമയം വൈകുന്നേരം മൂന്നിന് (ഇന്ത്യന്‍ സമയം 8.30 പിഎം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കും.
കലാസാംസ്കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ പങ്കെടുക്കാം. മാത്രമല്ല, കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കും.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.