സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ജെയ്സൺ കിഴക്കയിൽ
Saturday, March 15, 2025 11:05 AM IST
ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പരിപാടിയുടെ ഭാഗമായി തലസ്ഥാന നഗരമായ ഡബ്ലിനിൽ തിങ്കളാഴ്ച സെന്റ് പാട്രിക് പരേഡ് നടക്കും. പരിപാടി വീക്ഷിക്കാൻ അഞ്ചു ലക്ഷം പേരെത്തും.
ഉച്ചയ്ക്ക് 12നു ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിക്കുന്ന പരേഡ് കെവിൻ സ്ട്രീറ്റ് ജംഗ്ഷനിൽ സമാപിക്കും. നാലു ദിവസത്തെ ആഘോഷ പരിപാടികൾ ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കും.
അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എഡി 461 തിങ്കളാഴ്ചയാണ് മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നുവരുന്നത്.
ഡബ്ലിനിൽ നടക്കുന്ന പരിപാടികളിൽ അയായിരത്തിലേറെ കലാകാരൻമാർ പങ്കെടുക്കും. പരേഡിന് പുറമെ കാർണിവലുകൾ, സംഗീത നിശ, നൃത്തം, നാടകം തുടങ്ങിയവ നടക്കും.

സ്കോട്ലൻഡിൽ ജനിച്ച സെന്റ് പാട്രിക് പതിനാറാം വയസിൽ അടിമവേലയ്ക്കായാണ് അയർലൻഡിലെത്തിയത്. ആട്ടിടയനായ ഇദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി. പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് ബ്രിട്ടനിലേക്ക് പോയി വൈദികപഠനം പൂർത്തിയാക്കി.
തുടർന്ന് ബിഷപ്പായി അയർലൻഡിൽ മടങ്ങിയെത്തി രാജ്യത്തുള്ള ജനതയെ പൂർണമായും ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്. അയർലൻഡിലെ കൗണ്ടി മേയോയിൽ ഒരു മല മുകളിൽ വിശുദ്ധ പാട്രിക് 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുമ്പോൾ പാമ്പുകളുടെ ആക്രമണത്തിന് ഇരയായതായി ഐതിഹ്യം പറയുന്നു.
തന്റെ വടി ഉപയോഗിച്ച് സെന്റ് പാട്രിക് അയർലൻഡിലെ എല്ലാ പാമ്പുകളേയും കടലിലേക്ക് അകറ്റി. അന്നുമുതൽ അയർലൻഡ് പാമ്പുകളില്ലാത്ത ഒരു നാടായി മാറി എന്നാണ് ഐറിഷ് വിശ്വാസം.

ആദ്യ സെന്റ് പാട്രിക് പരേഡ് നടന്നത് 1766 മാർച്ച് 17നു ന്യൂയോർക്കിലായിരുന്നു. തുടർന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. യൂറോപ്, അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പരേഡ് നടന്നു വരുന്നു.
കുതിരപ്പട, ടാബ്ലോകൾ, ബാൻഡ്മേളം, കരിമരുന്നു പ്രകടനം, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിന് വിദേശീയരാണ് പരേഡ് വീക്ഷിക്കാൻ എല്ലാ വർഷവും അയർലൻഡിലെത്തുന്നത്.

ആഘോഷങ്ങൾക്കു കൊഴുപ്പേകാൻ ഡബ്ലിൻ നഗരത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ മുഴുവൻ ദീപാലംകൃതമാക്കി.രാജ്യത്തു ഡബ്ലിന് പുറമെ കോർക്ക്, ലിംറിക്, ഗാൽവേ, വാട്ടർഫോർഡ്, കിൽക്കെന്നി, ഡെറി, വെക്സ്ഫോർഡ്, സ്ലൈഗോ തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടക്കും.
രാജ്യത്തിന് പുറത്തു ന്യൂയോർക്ക്, ലണ്ടൻ, ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, ഹൂസ്റ്റൺ, ഷിക്കാഗോ, കാനഡ, കാലിഫോർണിയ, ജപ്പാൻ, ബ്രസിൽ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, അർജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ സെന്റ് പാട്രിക് ഡേ പരേഡുകൾ ഏറെ ശ്രദ്ധേമാണ്.