ജർമനിയുടെ കടം പരിധി നിയമങ്ങളിൽ മാറ്റം വരുത്താൻ ധാരണ
ജോസ് കുമ്പിളുവേലിൽ
Tuesday, March 18, 2025 10:52 AM IST
ബെര്ലിന്: ജർമനിയുടെ കടം പരിധി നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ധാരണയായി. പ്രതിരോധ, സുരക്ഷാ ചെലവുകൾ വർധിപ്പിക്കുന്നതിനും അടുത്ത 12 വർഷത്തിനുള്ളിൽ 50,000 കോടി യൂറോ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപിക്കുന്നതിനും വഴിയൊരുക്കുന്നതാണ് കരാർ.
ജർമനിയുടെ അടുത്ത ചാൻസലറാകാൻ സാധ്യതയുള്ള ഫ്രെഡറിക് മെർസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജിഡിപി) ഒരു ശതമാനത്തിൽ കൂടുതൽ പ്രതിരോധ, സുരക്ഷാ ചെലവുകൾക്ക് മാറ്റിവയ്ക്കുക എന്നതാണ് പ്രധാന മാറ്റം.
ഇതിൽ സിവിൽ പ്രൊട്ടക്ഷൻ, ഇന്റലിജൻസ്, "നിയമവിരുദ്ധമായ ആക്രമണത്തിന് ഇരയാകുന്ന രാജ്യങ്ങൾക്കുള്ള സഹായം' എന്നിവ ഉൾപ്പെടും. 2009ൽ മുൻ ചാൻസലർ ആംഗല മെർക്കൽ അവതരിപ്പിച്ച കടം പരിധി നിയമത്തിലാണ് മാറ്റം വരുത്തുന്നത്.
കരാർ പ്രകാരം അടിസ്ഥാന സൗകര്യ നിക്ഷേപത്തിനായി 50,000 കോടി യൂറോയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കും. ഇതിൽ 10,000 കോടി യൂറോ കാലാവസ്ഥാ സംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കും.
യുക്രെയ്നിനുള്ള പിന്തുണയിൽ നിന്ന് യുഎസ് പിന്മാറുന്ന സാഹചര്യത്തിലാണ് ജർമനി സൈനിക ചെലവുകൾ വർധിപ്പിക്കുന്നത്. റഷ്യൻ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ യുഎസ് സുരക്ഷാ സഹായം കുറയുന്നത് ജർമനിയെ ആശങ്കയിലാക്കുന്നു.
ഗ്രീൻസ് പാർട്ടിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറിന് രൂപം നൽകിയത്. ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെ മാത്രമേ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയൂ.
പുതിയ പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപ് കരാർ പാസാക്കാനാണ് നീക്കം. തീവ്ര വലതുപക്ഷമായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയും തീവ്ര ഇടതുപക്ഷമായ ലെഫ്റ്റ് പാർട്ടിയും ഇതിനെ എതിർക്കുന്നുണ്ട്.