വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലില്‍
Saturday, March 15, 2025 7:52 AM IST
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 43 രാജ്യങ്ങളില്‍ പ്രൊവിന്‍സുകളുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
മുന്‍വിധികള്‍ മാറ്റിവച്ച് സ്വയം തീരുമാനമെടുത്ത് മുന്നേറാന്‍ വനിതകള്‍ പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ട് വരെ നടത്തിയ സ്ത്രീകളിലെ കാന്‍സര്‍ ബോധവത്കരണം കേരളത്തില്‍ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചുവെന്നും ഈ കാലയളവില്‍ 10 ലക്ഷം സ്ത്രീകള്‍ കാന്‍സര്‍ പരിശോധനക്ക് തയാറായി എന്നത് വന്‍ വിജയമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അരൂര്‍ എംഎല്‍എയും പ്രശസ്ത ഗായികയുമായ ദലീമ ജോജോ ആശംസകള്‍ അര്‍പ്പിക്കുകയും മധുരം ജീവാമൃതബിന്ദു എന്ന ഗാനം ആലപിക്കുകയും ചെയ്തു.
പരിപാടിയുടെ കണ്‍വീനറും ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണുമായ മേഴ്സി തടത്തില്‍ (ജര്‍മനി) മുഖ്യപ്രഭാഷണത്തില്‍ തിരുവനന്തപുരം പൂന്തുറ കേന്ദ്രീകരിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
മാര്‍ച്ച് എട്ടിന് ശനി വൈകുന്നേരം 4.30 ന് വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലാണ് പരിപാടികള്‍ അരങ്ങേറിയത്. ലിസി ജോസഫ് പ്രാര്ഥഗാനം ആലപിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തില്‍ എഴുത്തുകാരിയും,വിദ്യാഭ്യാസ വിചക്ഷണയുമായ പ്രഫ. ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് (ജര്‍മനി), അയര്‍ലൻഡ് വിമന്‍സ് ഫോറം ചെയര്‍ പേഴ്സണുമായ ജീജ ജോയി വര്‍ഗീസ്, ജര്‍മനി, വിമന്‍സ് ഫോറം പ്രസിഡന്റുമായ ശ്രീജ ഷില്‍ഡ്കാമ്പ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച സ്ത്രീസമൂഹത്തില്‍ നടക്കുന്ന അസമത്വങ്ങളും ആനുകാലിക പ്രശ്നങ്ങളും മൂവരും ഉദാഹരണസഹിതം വരച്ചുകാട്ടിയത് പുത്തന്‍ ഉണര്‍വേകി.
യൂറോപ്പ് റീജൺ വനിതാ ഫോറം പ്രസിഡന്റ് ബ്ളെസി റ്റോം കല്ലറക്കല്‍, സ്വാഗതം ആശംസിച്ചു. ഡബ്ള്യുഎംസി ഗ്ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, പൂന്തുറ ചെറുരശ്മി സ്കില്‍ ട്രെയിനിംഗ് ഡയറക്ടര്‍ സി.മേഴ്സി മാത്യു, സെക്രട്ടറി ക്രിസ്ററഫര്‍ വര്‍ഗീസ്, യൂറോപ്പ് റീജൺ ചെയര്മാന് ജോളി തടത്തില്‍, റീജിയന് പ്രസിഡന്റ് ജോളി എം പടയാട്ടില്‍, റീജിയന് ട്രഷറര്‍ ഷൈബു കട്ടിക്കാട്ട്, സെക്രട്ടറി ബാബു തോട്ടപ്പള്ളി (യുകെ),
അയര്‍ലൻഡ് വിമന്‍സ് ഫോറം പ്രസിഡന്റ് ജൂഡി ബിനു, അമേരിക്ക വിമന്‍സ് ഫോറം പ്രസിഡന്റ് ആലീസ് മഞ്ചേരി, ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്(അയര്‍ലൻഡ്), മാധ്യമ പ്രവര്‍ത്തകനും ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി മൊയലന്(യുകെ), യൂറോപ്പ് റീജിയന് അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു (യുകെ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ കലാപരിപാടികളില്‍ സുഷ പത്മനാഭന്, ജൂലി കുറിയാക്കോസ് എന്നിവരുടെ റീല്‍സ്, അലീന മേരി, അസിന് അന്ന, മരിയ, ശ്രേയ, ഗ്ളെസി, ജിയ,ആന്‍സി, ബ്ളെസി, ദേവിക എന്നിവരുടെ നൃത്തം, സ്മിത ജോസഫിന്റെ ഗാനാലാപനം തുടങ്ങിയ ഇനങ്ങള്‍ പരിപാടിയ്ക്ക് കൊഴുപ്പേകി.
നിക്കോള്‍ കാരുവള്ളില്‍(ജര്‍മനി) പരിപാടികള്‍ മോഡറേറ്റ് ചെയ്തു. വിമന്‍സ് ഫോറം ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി, സരിതാ മനോജ് നന്ദി പറഞ്ഞു. റോണ തോമസ്(ഒമാന്‍), ഡേവിഡ് സാം മാത്യു(യുകെ) എന്നിവരാണ് സാങ്കേതിക സഹായം നല്‍കിയത്. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.