അയർലൻഡ് സീറോമലബാർ സഭയുടെ വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി
ജെയ്സൺ കിഴക്കയിൽ
Monday, March 10, 2025 1:03 PM IST
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റികൾക്ക് കൈമാറി.
അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്നും വ്യക്തികളിൽനിന്നും സമാഹരിച്ച 32680.17 യൂറോ ഉൾപ്പെടെ യൂറോപ്പിലെ വിവിധ സഭക്കൂട്ടയ്മകൾ സമാഹരിച്ച 69838.30 യൂറോ സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ വഴി ദുരിതബാധിതർ ഉൾപ്പെടുന്ന രൂപതകളിലേക്ക് എത്തിച്ചു.
2024 ജൂലൈ അവസാനം വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമത്തിലെ മുണ്ടകൈ ചൂരമല, വെള്ളാരിമല പ്രദേശങ്ങൾ അപ്പാടെ ഒലിച്ചുപോയ ദുരന്തത്തിൽ 420 ആളുകൾ മരണപ്പെടുകയും അനേകരെ കാണാതാവുകയും ചെയ്തു.
1200 കോടി രൂപയുടെ നാശനഷ്ടമാണു ഈ ദുരന്തത്തിൽ ഉണ്ടായത്. വയനാട്ടിലെ ദുരിതബാധിതർക്കുള്ള യൂറോപിലെ സീറോമലബാർ സഭയുടെ സഹായമായി 27935.32 യൂറോ (24,99,595 രൂപ) മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൻ സർവീസ് സൊസൈറ്റിക്ക് (ഡബ്ല്യുഎസ്എസ്) കൈമാറി.
സൊസൈറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ സ്ഥലത്ത് ദുരന്തബാധിതർക്കായുള്ള വീടുകളുടേയും അനുബന്ധ സൗകര്യങ്ങളുടേയും നിർമാണം ആരംഭഘട്ടത്തിലാണ്.
2024 ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലിൽ അനേകം വീടുകളും ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും ഒലിച്ചുപോയിരുന്നു. തൊട്ടുമുമ്പ് വയനാട്ടിൽ നടന്ന ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തിയതിനാൽ മരണസംഖ്യ കുറക്കാൻ സാധിച്ചുവെന്നാലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്.
ദുരിത ബാധിതർക്കായി സീറോമലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേഷൺ കൈമാറിയ 41902.98 യൂറോ (37,51,477 രൂപ) താമരശേരി രൂപതയുടെ സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റ് (സിഒഡി) വഴി ദുരിതബാധിതരിലേയ്ക്ക് എത്തും.
41 വീടുകളാണ് സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ വിലങ്ങാട് നിർമിക്കാനുദ്ദേശിക്കുന്നത്. എട്ട് വീടുകളുടെ നിർമാണം ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് സീറോമലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തറക്കല്ലിട്ടു ഉദ്ഘാടനം നിർവഹിച്ചു. സ്ഥലം ലഭ്യമാകുന്നമുറയ്ക്ക് മറ്റ് വീടുകളുടെ നിർമാണം ആരംഭിക്കും.
ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാൻ മന:സ്കാണിച്ച എല്ലാവിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നതായി യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തും അയർലൻഡ് സീറോമലബാർ സഭാ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അറിയിച്ചു.