കൈരളി യുകെ ദേശീയ സമ്മേളനം 26ന്; ഉദ്ഘാടകൻ എം.ബി. രാജേഷ്
Monday, March 17, 2025 3:39 PM IST
ലണ്ടൻ: ഈ മാസം 26ന് പാർക്ക് ഹൗസ് സ്കൂൾ ന്യൂബെറിയിൽ വച്ച് നടക്കുന്ന കൈരളി യുകെ ദേശീയ പൊതുസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗായകൻ അലോഷി നയിക്കുന്ന ഗാനസന്ധ്യയും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും.
കല സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ദേശീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. കൈരളിയുടെ കൾച്ചറൽ കോഓർഡിനേറ്റർ രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കുര്യൻ ജേക്കബും നാഷനൽ പ്രസിഡന്റ പ്രിയ രാജനും സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. അംഗങ്ങളുടെ ചർച്ചകൾക്കും നിർദേശങ്ങൾക്കും ശേഷം ദേശീയ സമ്മേളനത്തിന്റെ അധ്യക്ഷയായി നാഷനൽ പ്രസിഡന്റ് പ്രിയ രാജനെയും ജനറൽ കൺവീനറായി വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് സെക്രട്ടറി വരുൺ ചന്ദ്രബാലനെയും വിവിധ സബ്കമ്മിറ്റി ചുമതലക്കാരെയും ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
കൈരളി യുകെ നാഷനൽ ജോയിന്റ് സെക്രട്ടറി നവിൻ ഹരികുമാറും വൈസ് പ്രസിഡന്റ് ലിനു വർഗീസും സന്നിഹിതരായിരുന്നു. യോഗത്തിൽ പ്രിയ രാജൻ സ്വാഗതവും കുര്യൻ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനവുമായി ബന്ധപ്പെട്ട് ഈ വരുന്ന 20ന് രാത്രി എട്ടിന് നടക്കുന്ന കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.