റേയ്ഗന്സ്ബുര്ഗില് സീറോമലബാര്‍ കുടുംബസംഗമം നടത്തി
ജോസ് കുമ്പിളുവേലില്‍
Friday, March 14, 2025 4:48 PM IST
റേയ്ഗന്സ്ബുര്ഗ്: ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തിലെ റേയ്ഗന്സ്ബുര്ഗ് രൂപതയിലെ സെന്റ് തോമസ് സീറോമലബാര്‍ സമൂഹത്തിന്റെ കുടുംബ സംഗമം (നസ്രേത്ത് 2025) മ്യുന്ഷ്മ്യുണ്സ്ററര് സെന്റ് സിക്സതുസ് ദേവാലയത്തില്‍ നടത്തി.
2019 മുതല്‍ എല്ലാ മാസവും മലയാളത്തിലുള്ള വി. കുര്‍ബാനയ്ക്ക് ഒന്ന് ചേരുന്ന സമൂഹം ആദ്യമായാണ് ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി റെയ്ഗന്സ്ബുര്ഗിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന മുതിര്‍ന്നവരും കുട്ടികളുമായി നൂറിലധികം പേരാണ് സംഗമത്തില്‍ ഒത്തുകൂടിയത്.
ആഘോഷമായ ദിവ്യബലി കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.ആന്റണി കൂട്ടുമ്മേല്‍, റവ.ഡോ. ജോസഫ് വില്ലന്താനത്ത്, ഫാ.അലക്സ് തെക്കേക്കുറ്റ് എന്നിവര്‍ കാര്‍മികരായി. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും ആശീര്‍വാദവും ഉണ്ടായിരുന്നു.
പാരിഷ് ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ പരസ്പരം പരിചയം പുതുക്കുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. വിശ്വാസ പരിശീലനത്തിന് ഊന്നല്‍ നല്കി സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ചര്‍ച്ചചെയ്തു വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു.