പൂട്ടിയിട്ട വീട്ടിൽനിന്നു മോഷ്ടിച്ച 50 പവനിൽ 18 പവൻ കണ്ടെത്തി
1461570
Wednesday, October 16, 2024 6:47 AM IST
മണ്ണാർക്കാട്: കാരാകുർശി പുല്ലിശേരിയിൽ പൂട്ടിയിട്ട വീട്ടിൽനിന്നും അമ്പത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ 18 പവൻ കണ്ടെത്തി. ഇന്നലെ രാവിലെ 9 മണിയോടെയാണ് ഷാജഹാന്റെ വീട്ടിൽ നിന്നും 18 പവൻ കണ്ടെത്തിയത്. വീടിന്റെ അടുക്കളവശത്ത് ബക്കറ്റിൽ നിക്ഷേപിച്ച നിലയിലായിരുന്നു സ്വർണം.
പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കളവ് പോയ സ്വർണമാണ് ഇതെന്ന് തെളിയിക്കപ്പെട്ടു. പുല്ലിശേരി സ്രാമ്പിക്കൽ വീട്ടിൽ ഷാജഹാന്റെ വീട്ടിൽ നിന്നാണ് മാലയും വളയും ഉൾപ്പെടുന്ന സ്വർണാഭരണങ്ങൾ ഞായറാഴ്ച മോഷണം പോയത്.
ഷാജഹാന്റെ പരാതിയെ തുടർന്ന് മണ്ണാർക്കാട് പോലീസും പാലക്കാട് നിന്ന് എത്തിയ ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തിയിരുന്നു. സമീപവാസിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ഷാജഹാനും കുടുംബവും ഞായർ വൈകുന്നേരം നാല് മണിയോടെ വീടുപൂട്ടി പോയിരുന്നു. 6.30 ഓടെ തിരികെയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായ വിവരം അറിയുന്നത്.