കാഞ്ഞിരപ്പുഴ ദേവപ്പാറ ക്വാറിയുടെ പ്രവർത്തനം വീണ്ടും തുടങ്ങുന്നു
1592797
Friday, September 19, 2025 1:31 AM IST
മണ്ണാർക്കാട്: 2016 മുതൽ പ്രവർത്തനം മുടങ്ങിക്കിടക്കുന്ന ദേവപ്പാറ ക്വാറി ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ ജലസേചന വകുപ്പ് ഉത്തരവിറക്കി. ടെൻഡർ നടപടികൾ പൂർത്തിയായാൽ ക്വാറി പഴയതുപോലെ പ്രവർത്തിപ്പിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി ക്വാറികൾക്ക് നിർബന്ധമാക്കിയതിനെ തുടർന്നാണ് അന്ന് ദേവപ്പാറ ക്വാറിയുടെ പ്രവർത്തനവും നിർത്തേണ്ടി വന്നത്. ടെൻഡർ മുഖേന ക്വാറിയുടെ പ്രവർത്തനം നടത്തണമെന്ന നിർദേശത്തെ തുടർന്നാണ് അക്കൗണ്ടന്റ് ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ടെൻഡർ നടത്തുന്നതിനുള്ള ഉത്തരവ് ജലസേചന വകുപ്പ് ഇറക്കിയത്.
വർഷങ്ങളായി പ്രദേശത്ത് കരിങ്കല്ല് ക്ഷാമം രൂക്ഷമാണ്. സർക്കാരിന്റെ ലൈഫ് മിഷൻ അടക്കമുള്ള പല നിർമാണ പ്രവൃത്തികൾക്കും കരിങ്കല്ല് കിട്ടാത്ത സാഹചര്യം നിലവിലുണ്ട്. ദേവപ്പാറ ക്വാറി പ്രവർത്തന സജ്ജമായാൽ ആവശ്യാനുസരണം കരിങ്കല്ല് ലഭിക്കും. ഇതോടെ കരിങ്കല്ല് ക്ഷാമം ഇല്ലാതാകുകയും പ്രേദേശത്തെ നിരവധി തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്നതിന് വഴിയൊരുങ്ങുകയും ചെയ്യും. കെ. ശാന്തകുമാരി എംഎൽഎ ക്വാറി തുടങ്ങുന്നതിനുവേണ്ട നിരന്തര ഇടപെടലുകൾ വകുപ്പ് തലത്തിൽ നടത്തിയിരുന്നു.
കൂടാതെ നിയമസഭയിൽ സബ്മിഷൻ കൊണ്ടുവരികയും ചെയ്തിരുന്നു. കാഞ്ഞിരപ്പുഴയിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്കും ധാരാളം കരിങ്കല്ല് ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ജലസേചനവകുപ്പ് ക്വാറി തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞമാസം 30ന് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ടെൻഡർ നടപടികൾ വേഗത്തിലാക്കിയാൽ ക്വാറി പ്രവർത്തനം ഉടൻ ആരംഭിക്കാനാവും.
2024 ഏപ്രിൽ മുതൽ അഞ്ചു വർഷത്തേക്ക് ക്വാറി നടത്തുന്നതിനാവശ്യമായ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. എക്സ്പ്ലോസീവ് ലൈസൻസ്, ജിയോളജി വകുപ്പ് അനുമതി, മൈനിംഗ് ജിയോളജി അനുമതി, വനംവകുപ്പിന്റെ വൈൽഡ് ലൈഫ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മറ്റ് അനുമതികൾ എന്നിവ ഉള്ളവർക്ക് മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂവെന്ന് ടെൻഡർ ഉത്തരവിൽ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ടെൻഡർ നടപടികൾ പൂർത്തിയായില്ലെങ്കിൽ ക്വാറി പ്രവർത്തനം തുടങ്ങുവാൻ ഇനിയും കാലതാമസം ഉണ്ടാകും. ക്വാറിയുടെ പ്രവർത്തനം ഇനിയും ആരംഭിച്ചില്ലെങ്കിൽ കാഞ്ഞിരപ്പുഴ ടൂറിസം വികസനത്തിന് ആവശ്യമായ കരിങ്കൽ കിട്ടാതാവുകയും ഭാരിച്ച വിലയിൽ പുറത്തു നിന്ന് കരിങ്കൽ കൊണ്ടുവരേണ്ട അവസ്ഥ സംജാതമാകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ മാസം അവസാനത്തോടെ ടെൻഡർ നടപടികൾ ആരംഭിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.