വന്യജീവിസംഘർഷ ലഘൂകരണം: ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
1592791
Friday, September 19, 2025 1:31 AM IST
നെന്മാറ: മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് അയിലൂരിൽ തുടക്കമായി. ഇതിന്റെ ഭാഗമായി അയിലൂർ പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഒക്ടോബർ 30 വരെ വനംവകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്തല ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
മനുഷ്യ വന്യജീവി സംഘർഷം, കാട്ടാന, മാൻ, കാട്ടുപന്നി, കുരങ്ങ്, മയിൽ, മലയണ്ണാൻ തുടങ്ങി വന്യജീവി ശല്യം നേരിടുന്ന പ്രദേശവാസികൾക്ക് പഞ്ചായത്ത് ഓഫീസിൽ പരാതി നൽകാനുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാണ് ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് നിർവഹിച്ചു. നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷെരീഫ് തീവ്രയജ്ഞ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു.
സെക്ഷൻ ഫോറസ്റ്റർ ജയിനുലാബുദ്ധീൻ, പഞ്ചായത്ത് അംഗങ്ങൾ കർഷക പ്രതിനിധികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു. വിള നാശത്തിനുള്ള നഷ്ടപരിഹാരം മുതൽ വനം വകുപ്പുമായി ബന്ധപ്പെട്ട ഏതുതരം പരാതിയും ഹെൽപ്പ് ഡെസ്കിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.