സമ്മിശ്രകൃഷിയിൽ വിജയം കൊയ്യാൻ കുറ്റിപ്പള്ളം ശിവദാസ്
1592796
Friday, September 19, 2025 1:31 AM IST
ചിറ്റൂർ: സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിക്കാൻ നല്ലേപ്പിള്ളി പാറക്കാൽ കുറ്റിപ്പള്ളം ശിവദാസ്. നാല് ഏക്കർ നെൽകൃഷിയുണ്ട് ഈ കർഷകന്. 60 സെന്റ് വെണ്ട കൃഷി, വയൽ വരമ്പിൽ തെങ്ങ് കൃഷി, 30 സെന്റിൽ ചെണ്ടുമല്ലി കൃഷിയുൾപ്പെടെയുള്ള സമ്മിശ്രകൃഷിയാണ് ശിവദാസ് നടത്തുന്നത്. നെൽകൃഷിയിൽ ഉത്പാദന ചെലവിന് അനുസരിച്ച് വരുമാനം കിട്ടാത്ത അവസ്ഥയും രോഗ-കീട ബാധയും, കൃഷിപ്പണിക്കു ആളെ കിട്ടാത്ത അവസ്ഥയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ശിവദാസ് പറഞ്ഞു.
വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവെടുപ്പായാലും പണം കിട്ടാത്ത അവസ്ഥയിലാണ് ശിവദാസ്. മാവിൻതോട്ടങ്ങൾ കരാറെടുത്തു അച്ചാർമാങ്ങ കോയമ്പത്തുർ, പുതുനഗരം, കൊഴിഞ്ഞാമ്പാറ മാർക്കറ്റുകളിലും നാട്ടിലുള്ളവർക്ക് മാങ്ങാപ്പഴമായുംവിൽക്കുന്നുണ്ട്.
ദീപാവലിമാർക്കറ്റ് ലക്ഷ്യമിട്ടാണ് പൂ കൃഷിയിറക്കിയിരിക്കുന്നത് . 30 സെന്റിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് കൃഷി ചെയ്തിരിക്കുന്നത്. നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയും ശിവദാസിനുണ്ട്. പൂവിന് നല്ല വില ലഭിക്കുന്നുണ്ട്. ഒരു ദിവസം 25 കിലോ പൂ പറിച്ച് മാർക്കറ്റിലെത്തിക്കാൻ കഴിയുന്നുണ്ട്.
കൃഷിചെലവു കുറവ്, മാർക്കറ്റിലുള്ള ഡിമാൻഡ്, കീടരോഗബാധയില്ലാത്തത് എന്നിവ അനുകൂല ഘടകങ്ങളാണ്. പ്രതികൂല കാലാവസ്ഥയിയിലും നഷ്ടം വരുന്നില്ല. എല്ലാവർഷവും നഷ്ടത്തിൽ ചെയ്യുന്ന നെൽകൃഷി വീണ്ടും വീണ്ടും ചെയ്തു കടക്കാരനാകുകയും വന്യമൃഗങ്ങളും കാട്ടുപന്നി അക്രമത്തെയും ഭയപ്പെടാതെ കൃഷിയിറക്കാൻ കഴിയുന്നതുമാണ് സമിശ്രകൃഷി നടത്താൻ ശിവദാസിനെ പ്രേരിപ്പിച്ചത് മകൾ അശ്വനിയും ഭാര്യയുമാണ്. ഏത് വിളകൾ കൃഷിചെയ്യുന്ന കർഷകരെയും സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് അനുവദിച്ചുകിട്ടുന്ന ഫണ്ട് വനിത, കുടുംബശ്രീ, പട്ടികജാതി, ജനറൽ ഫണ്ടുകളായി നൽകി പ്രോത്സാഹിപ്പിക്കണമെന്ന് കുറ്റിപ്പള്ളം പാടശേഖര സമിതി ജോയിന്റ് സെക്രട്ടറി കൂടിയായ ശിവദാസൻ പറയുന്നു.