വടക്കഞ്ചേരി ടൗണിൽ ശുദ്ധികലശം: വാഹനങ്ങളിലെ കച്ചവടം നീക്കി
1592789
Friday, September 19, 2025 1:31 AM IST
വടക്കഞ്ചേരി: പത്രവാർത്തകളും പരാതിപ്രവാഹങ്ങളുമായപ്പോൾ വടക്കഞ്ചേരി ടൗണിൽ ശുദ്ധികലശം.
മെയിൻ റോഡിൽ തിരക്കേറിയ മന്ദം ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തിയിട്ടുള്ള കച്ചവടം പോലീസ് ഇടപെട്ട് തത്കാലം ഒഴിവാക്കിയിട്ടുണ്ട്.
ഇത് എത്ര ദിവസത്തേക്ക് നിലനിൽക്കും എന്നൊക്കെ കണ്ടറിയേണ്ടി വരും. എങ്കിലും സ്വന്തം സ്ഥലംപോലെ റോഡ് കൈയേറി നടത്തിയിരുന്ന കച്ചവടം ഒഴിപ്പിക്കൽതന്നെ വലിയ കാര്യമെന്നാണ് യാത്രക്കാർ പറയുന്നത്.
നടപ്പാതയിലും നടപ്പാതയോടുചേർന്ന് ടാർറോഡിലുമുള്ള കച്ചവടങ്ങൾ ഇനിയും നീക്കിയിട്ടില്ല. ഇതൊക്കെ നീക്കാൻ വലിയ ഇടപെടലുകൾ വേണ്ടിവരുമെന്നാണ് സൂചനകൾ.
വടക്കഞ്ചേരി ടൗണിൽ നടപ്പാതകളിലൂടെയുള്ള യാത്രയും അത്ര സുഖകരമല്ല എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ദീപികയിൽ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.
ടൗൺ റോഡുകളിൽ യാത്രക്കാർക്ക് വഴി നടക്കാനാകാത്ത വിധമാണ് നടപ്പാതയിലും റോഡിലും കച്ചവടം നടന്നിരുന്നത്. ഒരുഭാഗത്ത് ഓട്ടോറിക്ഷകളുടെ നീണ്ട നിരയുമുണ്ടാകും.
പെട്ടി ഓട്ടോറിക്ഷകൾ റോഡിൽ നിർത്തിയിടുന്നത് പെർമിറ്റ് ലംഘനമായി കണ്ട് നടപടി എടുക്കുമെന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലെ തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമായുണ്ട്.