ജില്ലയിലെന്പാടും എഴുത്തിനിരുത്തുചടങ്ങുകൾ : ആദ്യാക്ഷരംനുകർന്ന് കുരുന്നുകൾ
1461018
Monday, October 14, 2024 7:48 AM IST
ഒറ്റപ്പാലം: ആദ്യാക്ഷരത്തിന്റെ അമൃതം നുകാരാനെത്തിയ ഇളംകുരുന്നുകൾക്കു മുമ്പിൽ കലക്കത്ത് ഭവനം സരസ്വതീക്ഷേത്രമായി.
ജില്ലയിലെ ഏറ്റവുംവലിയ സാംസ്കാരിക സ്ഥാപനമായ ലക്കിടി കിള്ളികുർശ്ശിമംഗലം കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കു ഇരുനൂറോളം കുരുന്നുകൾ എത്തിച്ചേർന്നിരുന്നു.
പൊന്മോതിരംകൊണ്ട് ആദ്യംനാവിലും പിന്നീട് നിലത്തുവിരിച്ച നാക്കിലയിൽ ചൊരിഞ്ഞ അരിയിലും ആചാര്യന്മാർ കുരുന്നുകൾക്കു ആദ്യക്ഷരം കുറിച്ചു.
കലക്കത്ത് രാധാകൃഷ്ണൻ, കുഞ്ചൻനമ്പ്യാർ സ്മാരകം ശങ്കരനാരായണൻ, ഗാനകല്ലോലിനി സുകുമാരി നരേന്ദ്രമേനോൻ, കെ. പ്രേംകുമാർ എംഎൽഎ, എം. രാജേഷ്, കെ. ശ്രീവൽസൻ, കുഞ്ചൻനമ്പ്യാർസ്മാരകം സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി, കലാമണ്ഡലം ശിവദാസ് എന്നിവർ ആചാര്യന്മാരായി. വിദ്യാരംഭ ചടങ്ങുകൾക്കു അയൽസംസ്ഥാനത്തുനിന്നും കുട്ടികൾ എത്തിച്ചേർന്നിരുന്നു.
വിവിധ കലാപരിപാടികളും നടന്നു. വിശ്വമഹാകവി കലക്കത്ത് കുഞ്ചൻനമ്പ്യാർ ജനിച്ച ഇടമാണ് കലക്കത്തുഭവനം. കുഞ്ചൻ നമ്പ്യാരുടെ എഴുത്താണി കുടികൊള്ളുന്ന കുഞ്ചൻസ്മാരക വായനശാലയിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.