നെല്ലിപ്പുഴ- തെങ്കര റോഡുപണി ഇനിയുംവൈകും
1460563
Friday, October 11, 2024 6:42 AM IST
മണ്ണാർക്കാട്: മഴമൂലം നിർത്തിവച്ച നെല്ലിപ്പുഴ തെങ്കര റോഡിലെ ടാറിംഗ് പ്രവൃത്തികൾ പുനരാരംഭിക്കാൻവൈകും. മഴ വീണ്ടുമെത്തിയതിനാൽ പ്രവൃത്തികൾ നടത്താൻ കഴിയാത്ത സാഹചര്യമാണെന്നു കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറയുന്നു.
നാട്ടുകാരുടെ പരാതിയെതുടർന്ന് എൻ. ഷംസുദീൻ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ ഈമാസം പത്തിനു ടാറിംഗ് തുടങ്ങുമെന്നായിരുന്നു ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതിനിടെ മഴ ശക്തമാവുകയായിരുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികൾ ഈ വർഷം ജൂണിലാണ് ടാറിംഗിലേക്കെത്തിയത്. തെങ്കരമുതൽ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂൾവരെയുള്ള നാലര കിലോമീറ്റർ ദൂരത്തിൽ ടാറിംഗ് നടത്താനായി ഉപരിതലം പരുവപ്പെടുത്തകയും ചെയ്തു. പുഞ്ചക്കോടു വരെ ആദ്യപാളി ടാറിംഗ് നടത്തിയപ്പോഴേക്കും കാലവർഷം ശക്തമായതോടെ പ്രവൃത്തികൾ നിർത്തുകയായിരുന്നു.
നിലവിൽ റോഡിന്റെ അവസ്ഥ പരിതാപകരമായതിനാൽ തെങ്കര ഭാഗത്തുനിന്നും മണ്ണാർക്കാട്ടേക്കു വരുന്ന ചെറുവാഹനങ്ങൾ പുഞ്ചക്കോട് ജവഹർനഗർ അരയംകോടുവഴിയാണു യാത്ര നടത്തുന്നത്.