അട്ടപ്പാടിക്കാർക്കു ശാപമായി താലൂക്ക് ഓഫീസ്
1459743
Tuesday, October 8, 2024 7:51 AM IST
അഗളി: അട്ടപ്പാടിയിൽ താലൂക്ക് ഓഫീസ് വന്നത് അട്ടപ്പാടിക്കാർക്ക് ശാപമായി തീർന്നെന്ന് കാണിച്ച് സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി കെ.ആർ. രവീന്ദ്രദാസ് റവന്യൂവകുപ്പ് മന്ത്രിക്ക് പരാതി നൽകി. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിൽ 4 ഡെപ്യൂട്ടിമാരുടെ ഒഴിവുകളുള്ളതിൽ നാല് പേരും ഒരുമാസം മുമ്പ് ഒറ്റയടിക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. സ്ഥാനത്തേക്ക് രണ്ടുപേരെ ഇടുക്കിയിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ പോസ്റ്റിലേക്ക് നിയമിച്ചിരുന്നു.
രണ്ടാഴ്ചയായി ഇതിൽ ഒരാൾ സീറ്റിലേക്ക് എത്തുന്നതേയില്ല. മറ്റൊരാൾ സ്ഥിരം മദ്യപിച്ച് നടക്കുന്നതായും പരാതിയിൽ പറയുന്നു. ജനറൽ തഹസിൽദാർ ആഴ്ചയിൽ രണ്ട് ദിവസമേ ഓഫീസിൽ ഉണ്ടാകൂ. ഉദ്യോഗസ്ഥരുടെ അഭാവത്താൽ ദിനംപ്രതി നൂറുകണക്കിന് ജനങ്ങളാണ് സേവനം ലഭിക്കാതെ ഓഫീസിൽ കയറിയിറങ്ങി മടങ്ങുന്നത്.
അട്ടപ്പാടി താലൂക്ക് വില്ലേജ് ഓഫീസുകളിലേക്ക് സർക്കാർ നടപടികൾ നേരിടുന്നവരെയും മദ്യപാനികളെയും കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയവരെയും അഴിമതിക്കാരെയും പണിഷ്മെന്റിന്റെ പേരിൽ പോസ്റ്റ് ചെയ്യുകയാണ്. ഇത് ആദിവാസികൾ അടക്കമുള്ള ജനവിഭാഗങ്ങൾക്ക് കനത്ത വെല്ലുവിളികൾ നേരിടുന്നു.
അട്ടപ്പാടി താലൂക്ക് വില്ലേജ് ഓഫീസുകളിലേക്ക് സമർഥരായ ഉദ്യോഗസ്ഥരെ നിയമിച്ച് ഇതിനു പരിഹാരം ഉണ്ടാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.