കളക്ടറുടെ ഓഫീസിനു മുന്നിൽ "തറയിലുരുണ്ട്' സമരം
1459729
Tuesday, October 8, 2024 7:51 AM IST
കോയമ്പത്തൂർ: ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിൽ നിവേദനം നൽകാനെത്തിയ ആളുടെ വേറിട്ട പ്രതിഷേധസമരം. കെട്ടിടനിർമാണതൊഴിലാളിയായ കുനിയംമുത്തൂർ സ്വദേശി മാണിക്കമാണ് പ്രതിഷേധ സമരം നടത്തിയത്.
കെട്ടിടനിർമാണത്തിനുശേഷം കെട്ടിടംഉടമ ബാക്കി കരാർതുക നൽകാതെ വഞ്ചിച്ചെന്നും ഇതിനെതിരേ മുഖ്യമന്ത്രിയുടെ പ്രത്യേക യൂണിറ്റിനു പരാതി നൽകാനെത്തിയതായിരുന്നു മാണിക്കം.
കോയമ്പത്തൂർ മാണിക്കംപാളയം സ്വദേശി രാംകുമാറിന്റെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് 57,000 രൂപയുടെ പണികൾക്കു കരാറുണ്ടാക്കിയിരുന്നു. എന്നാൽ തുടക്കം അയ്യായിരം രൂപ മാത്രം നൽകുകയും പിന്നീട് പണമൊന്നും നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് മാണിക്കത്തിന്റെ പരാതി.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും നേരത്തെ പരാതി നൽകിയിട്ടും ഒരന്വേഷണവും നടന്നില്ലെന്നു ആരോപിച്ചായിരുന്നു മാണിക്കത്തിന്റെ പ്രതിഷേധം.
പിന്നീട് പോലീസ് ഇടപെട്ട് ഇദ്ദേഹത്തെ നീക്കി. പരാതിയിൽ ഇടപെടാമെന്നു അധികൃതരുടെ ഉറപ്പുംലഭിച്ചു.