ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടു രണ്ടുമാസം; തിരിഞ്ഞുനോക്കാതെ അധികൃതർ
1459563
Monday, October 7, 2024 7:38 AM IST
നെന്മാറ: അടിപ്പെരണ്ട ജംഗ്ഷനിൽ മിനിഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ടു രണ്ടുമാസം. കെ. ബാബു, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണു അയിലൂർ പഞ്ചായത്തിലെ പ്രധാന പട്ടണക്കവലയായ അടിപ്പെരണ്ടയിൽ ഹൈമാസ്റ്റ് ലൈസ്റ്റ് സ്ഥാപിച്ചത്.
മാസങ്ങളായി കൃത്യമായി പ്രകാശിക്കാതിരുന്നതിനെ തുടർന്ന് അയിലൂർ പഞ്ചായത്ത് അംഗം കെ.എ. മുഹമ്മദ്കുട്ടി പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്നാണ് ലൈറ്റുകൾ സ്ഥാപിച്ച കമ്പനി പുനഃസ്ഥാപിക്കുമെന്നും ഗ്യാരണ്ടിയുണ്ടെന്നും അധികൃതർ പറഞ്ഞത്.
എന്നാൽ ഏറെ പ്രാവശ്യം പഞ്ചായത്ത് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർ യന്ത്രസാമഗ്രികൾ അഴിച്ചു കൊണ്ടുപോയെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. നിരവധി വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും യാത്രക്കാരും വന്നുപോകുന്ന സ്ഥലം ഇപ്പോൾ വൈകുന്നേരമായാൽ ഇരുണ്ടുമൂടിക്കിടക്കുകയാണ്.
ഗ്രാമീണ മലയോര മേഖല ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും വന്യമൃഗ ഭീഷണിയുള്ള മേഖലകളിൽ പോലും തെരുവു വിളക്കുകൾ തെളിയിക്കാനുള്ള നടപടികൾ അയിലൂർ പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്നും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് കുട്ടി പരാതിപ്പെട്ടു.