ഒറ്റപ്പാലം ബാർഹോട്ടലിലെ വധശ്രമക്കേസിൽ നാലുപേർ അറസ്റ്റിൽ
1459562
Monday, October 7, 2024 7:30 AM IST
ഒറ്റപ്പാലം: ടൗണിലെ ബാർ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു കുത്തേറ്റ സംഭവത്തിൽ വധശ്രമത്തിനു നാലുപേർ അറസ്റ്റിൽ. തോട്ടക്കര പറയങ്കണ്ടത്തിൽ മജീദിനു നേരെയായിരുന്നു ആക്രമണം.
ലക്കിടി പയ്യപ്പാട്ടിൽ നിഷിൽ (45), എസ്ആർകെ നഗർ പൂവത്തിങ്കൽ സക്കീർ ഹുസൈൻ (47), കണ്ണിയംപുറം പാറയ്ക്കൽ അബ്ബാസ് (43), പനമണ്ണയിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാണിതെരുവിലെ ഷബീർ അലി (40) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. വയറ്റിൽ കുത്തേറ്റ മജീദിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണം.
കുത്തേറ്റയാളും അക്രമികളും ഒന്നിച്ചിരുന്നു മദ്യംകഴിച്ചശേഷം ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ നാലുപേരും കസ്റ്റഡിയിലായി. പോലീസ് ഇൻസ്പെക്ടർ എ. അജീഷ്, എസ്ഐ എം. സുനിൽ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം.