ഷൊർണൂർ -കുളപ്പുള്ളി റോഡ് നവീകരണം തുടങ്ങി
1454790
Saturday, September 21, 2024 2:03 AM IST
ഷൊർണൂർ: കുളപ്പുള്ളി പൊതുവാൾ ജങ്ഷൻ റോഡ് നവീകരണം തുടങ്ങി. നഗരത്തിൽ എസ്എംപി വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
കുഴികളടച്ച് പാത ഗതാഗതയോഗ്യമാക്കി വരികയാണ്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയിരുന്നു.
തുടർപ്രവൃത്തികൾ വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. തുടർപ്രവൃത്തികൾ നടത്താൻ കരാറുകാരൻ തയ്യാറാകാത്തതിനെത്തുടർന്ന് കരാറിൽനിന്നു നീക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് താത്കാലികമായി പാത ഗതാഗതയോഗ്യമാക്കി നടപടികളിൽനിന്ന് ഒഴിവാക്കാൻ കരാറുകാരൻ ശ്രമിക്കുന്നത്.
ഈ പാതയിലെ കുളപ്പുള്ളി ടെക്നിക്കൽ ഹൈസ്കൂളിനു മുന്പിലെ കുഴിയിൽ വീണ് കൗൺസിലറുടെ കാലൊടിഞ്ഞതുൾപ്പെടെ വലിയ വിവാദമായിരുന്നു. വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിലെ മിക്ക ഭാഗങ്ങളിലും വലിയ കുഴികളുണ്ട്. ടൗണിലുൾപ്പെടെ കുഴികളുള്ളതിനാൽ ഗതാഗതതടസവും പതിവാണ്. പണി വൈകുന്നതിൽ രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രതിഷേധവും ഉണ്ടായി. പൊതുവാൾ ജംഗ്ഷൻമുതൽ കൊച്ചിൻപാലം വരെയുള്ള പാതയുടെ പണി വെള്ളിയാഴ്ച തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
ഈ പ്രവൃത്തികളുടെ കരാറുകാരനും കരാറിൽനിന്നു നീക്കംചെയ്യൽ ഭീഷണി നേരിടുന്നുണ്ട്. ചീഫ് എൻജിനീയർ നൽകിയ പ്രത്യേക അനുമതിയോടെയാണിപ്പോൾ പണി നടത്തുന്നത്.