തരംമാറ്റ അപേക്ഷകളിൽ അതിവേഗം തീർപ്പുണ്ടാക്കുന്നതിന് അദാലത്ത്: മന്ത്രി
1454505
Friday, September 20, 2024 1:55 AM IST
ഒറ്റപ്പാലം: ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് ഒക്ടോബർ 25 മുതൽ നവംബർ 10 വരെ സംസ്ഥാനത്തെ 71 കേന്ദ്രങ്ങളിൽ അദാലത്ത് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഒറ്റപ്പാലം 2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം, ഒറ്റപ്പാലം, പട്ടാന്പി താലൂക്ക്തല പട്ടയമേള ഉദ്ഘാടനം, ഒറ്റപ്പാലം കോടതി സമുച്ചയത്തിനുള്ള ഭൂമിയുടെ കൈമാറ്റം എന്നിവ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. 2026ന് മുന്പ് കുടിയായ്മയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കും. വിവിധ വകുപ്പുകളുടെ കൈയിലുള്ള ഭൂമി പരസ്പര സമ്മതത്തോടെ ഏറ്റെടുക്കാനും വിതരണം ചെയ്യാനും പട്ടയ മിഷൻ വഴി റവന്യൂ വകുപ്പിന് കഴിയുന്നുണ്ട്. ഇത്തരത്തിൽ ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് ഒറ്റപ്പാലം കോടതിക്ക് നൽകാനായത്. സർക്കാരിന്റെ നൂറുദിന കർമപരിപാടി 22ന് പൂർത്തിയാന്പോൾ 3374 പട്ടയം ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ വിതരണം ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പാലം സിഎസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പി. മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സണ് കെ. ജാനകിദേവി, ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.