കാണികൾക്ക് ഹരംപകർന്ന് കാളവണ്ടിയോട്ടമത്സരം നടത്തി
1454213
Thursday, September 19, 2024 1:42 AM IST
കൊഴിഞ്ഞാമ്പാറ: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കാളവണ്ടി ഓട്ടമത്സരം കാണികൾക്ക് കൗതുകകാഴ്ചയായി വെള്ളാരങ്കൽമേട്- മുട്ടിമമ്പള്ളം റോഡിലായിരുന്നു മത്സരം. കൊഴിഞ്ഞാമ്പാറ, വണ്ടിത്താവളം, അത്തിക്കോട്, പരിശിക്കൽ, വേലന്താവളം, തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ, ആനമല എന്നിവിടങ്ങളിൽനിന്നാണ് മത്സരത്തിന് കാളകളെ കൊണ്ടുവന്നത്. 200, 800 മീറ്റർ ഇനങ്ങളിലാണ് മത്സരം നടന്നത്. ഇരുവിഭാഗങ്ങളിലായി 80 ജോഡി കാളകളെയാണ് മത്സരത്തിനിറക്കിയത്. 200 മീറ്റർ മത്സരത്തിൽ വിഷ്ണു വണ്ണാമടയുടെ കാളകൾ ഒന്നാംസ്ഥാനവും പുഷ്പരാജ് പരിശക്കല്ലിന്റെ കാളകൾ രണ്ടാംസ്ഥാനവും നേടി.
300 മീറ്റർ മത്സരത്തിൽ ബി.കെ. ശിവവിഷ്ണു അഞ്ചാംമൈൽ, എം. മോഹൻകുമാർ അന്പ്രാംപാളയം എന്നിവരുടെ കാളകളുമാണ് വിജയിച്ചത്. മത്സരത്തിന്റെ സമാപനയോഗം കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. എൻ. വിജയാനന്ദ് അധ്യക്ഷനായി. പ്രവേശനഫീസായി ലഭിച്ച തുകയിൽ ചെലവു കഴിച്ചു ബാക്കിയുള്ള തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ക്ലബ് ഭാരവാഹികളായ എം. സെന്തിൽ, എം. ഇസ്മയിൽ, എ. നിസാർ, ബി. റഹ്മത്തുള്ള, ബി. ബിജു എന്നിവർ അറിയിച്ചു.