സഞ്ചാരികൾ ഒഴുകിയെത്തി; പ്രകൃതി സൗന്ദര്യത്തിൽ മനംനിറച്ച് അനങ്ങൻമല
1454212
Thursday, September 19, 2024 1:42 AM IST
ഒറ്റപ്പാലം: പ്രകൃതിസൗന്ദര്യത്തിൽ മനംനിറച്ച് അനങ്ങൻമല. ഓണാഘോഷത്തിന് കുടുംബങ്ങൾ ഒഴുകിയെത്തി.
വള്ളുവനാടിന്റെ സ്വകാര്യ അഹങ്കാരമായ അനങ്ങൻമലയിൽ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് വലിയ തിരക്കാണ് ഓണം നാളുകളിൽ അനുഭവപ്പെട്ടത്.
പച്ചപട്ടുടുത്ത നെൽപ്പാടങ്ങളും തോടും ചെറുകാടുകളും വെള്ളച്ചാട്ടവുമെല്ലാം വശ്യസൗന്ദര്യം ചാർത്തുന്ന അനങ്ങൻമലയിൽ പ്രകൃതി സൗന്ദര്യം നുകരാൻ അന്യദിക്കുകളിൽ നിന്നുപോലും അനേകം പേരാണ് ഇത്തവണയെത്തിയത്.
ഇത്തവണ മഴ അനങ്ങൻമലയെ കൂടുതൽ സുന്ദരമാക്കിയിരുന്നു. മഴമാറി വെയിലായതോടെ പാറകളിലെ പായലുകളെല്ലാം മാറിയിരുന്നു.
ഇതോടെ സന്ദർശകർക്ക് മലകയറാൻ സൗകര്യമായി. ഇത്തവണ മഴ കൂടുതൽ ലഭിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കാനും കഴിഞ്ഞു. ഉത്രാടംമുതൽ ചൊവ്വാഴ്ച വരെയുള്ള നാലുദിവസങ്ങളിൽ 2,063 പേരാണ് വനംവകുപ്പിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രം സന്ദർശിച്ചത്. ടിക്കറ്റുവഴി 74,620 രൂപയും ലഭിച്ചു.