ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്ന് നാടും നഗരവും
1453487
Sunday, September 15, 2024 4:57 AM IST
ഒറ്റപ്പാലം: ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്ന് നാടും നഗരവും. ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്നലെ ഉത്രാടപ്പാച്ചിലിലായിരുന്നു എല്ലാവരും. ഒരുക്കങ്ങൾക്ക് മാറ്റുപോരെന്ന ഉൾവിളിയുമായി തിരക്കിട്ട ഒരു ഓട്ടപ്രദക്ഷിണം.
തുണിക്കടകളിലും, പച്ചക്കറി വില്പന കേന്ദ്രങ്ങളിലും തിരക്കോട് തിരക്ക്. വാഹനങ്ങൾ ഒച്ചിഴയും വേഗതയിൽ കിതച്ചുനീങ്ങുന്ന അവസ്ഥ. സദ്യവട്ടങ്ങൾക്കുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു എല്ലാവരും. കാർഷികരംഗത്തെ കൂടിച്ചേരൽ എന്ന സങ്കല്‍പ്പത്തിൽനിന്ന് ഓണം മാറിയെങ്കിലും ഒന്നാംഓണം കൂടിയായ ഉത്രാടദിനം ആവേശത്തിന്റെ പാരമ്യത്തിലായിരുന്നു.
വെള്ളപ്പൊക്കവും മലയിടിച്ചിലും ഉരുൾപൊട്ടലും ജോലിക്ഷാമവും എല്ലാം പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ഓണം ആഘോഷിക്കാതിരിക്കുന്നതെങ്ങിനെയെന്ന ചിന്തയായിരുന്നു എല്ലാവർക്കും. ഓണക്കോടിക്കും ഓണസദ്യക്കുമുള്ള അവസാന ഓട്ടത്തിലായിരുന്നു നാട്. ഇതിന് ഗ്രാമ നഗര ഭേദമില്ല. വിളവെടുക്കാന്‍ കൃഷിയിടങ്ങളില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുകയാണ് എല്ലാവരും. ഓണക്കോടി യെടുക്കാനെത്തിയവരുടെ തിരക്കായിരുന്നു വസ്ത്രവിപണിയിൽ.
പച്ചക്കറികളും വീട്ടുസാധനങ്ങളും വാങ്ങാനുള്ള തിരക്കാണ് മറ്റു സ്ഥലങ്ങളിൽ കണ്ടത്. വയലും വിളവെടുപ്പും ഇമ്പമുള്ള കൂടിച്ചേരലും ഗൃഹാതുരത മാത്രമാണെങ്കിലും ചിലതെല്ലാം നഷ്ടമാവാതെ കാത്തുസൂക്ഷിക്കുന്നുണ്ട് ഓരോ മലയാളിയുമെന്ന സാക്ഷ്യപ്പെടുത്തൽകൂടിയാണ് ഉത്രാടപ്പാച്ചിൽ പകർന്നുതരുന്ന സന്ദേശം. അതുമാത്രമാണ് ഓണക്കാലം അവശേഷിപ്പിക്കുന്നതും.