തുയിലുണർത്തുപാട്ടിന്റെ ഈരടികളുമായി ഓണവരവറിയിച്ച് വൃദ്ധദമ്പതികളുടെ ‘ദേശാടനം’
1453486
Sunday, September 15, 2024 4:57 AM IST
ഒറ്റപ്പാലം: തിരുവോണത്തിന്റെ വരവറിയിച്ച് ഉത്രാടനാളിലും തുയിലുണർത്തുപാട്ടിന്റെ ഈരടികളുമായി കുഞ്ചുവിന്റെയും തങ്കമ്മയുടെയും തട്ടകപ്രദക്ഷിണം. മാവേലിത്തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടി കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളേതുമില്ലാതിരുന്ന ഗതകാലസ്മൃതികളുടെ ഓർമപ്പെടുത്തൽകൂടിയാണ് ഈ ദമ്പതികളുടെ തുയിലുണർത്തുപാട്ട്.
നാട്ടിൻപുറങ്ങളുടെ നന്മയാർന്ന വേറിട്ട കാഴ്ചവട്ടം കൂടിയാണീ തുയിലുണർത്തുപാട്ട്. ഓണക്കാലമായാൽ ഷൊർണൂർ കവളപ്പാറ സ്വദേശികളായ കുഞ്ചുവിനും തങ്കമ്മയ്ക്കും തുയിലുണർത്തുപാട്ടും ഓണപ്പാട്ടുകളും മാത്രമാണ് നാവിൻതുമ്പത്ത്.
ഓണത്തിന്റെ ദിനരാത്രങ്ങൾക്ക് മുമ്പുതന്നെ ഇവരുടെ വീട്ടകം സംഗീതസാന്ദ്രമാകും. പിന്നെ ഒരു യാത്രയാണ്. ഓരോ വീട്ടിലും കയറിയിറങ്ങി ഓണപ്പാട്ടു പാടും ഈ ദമ്പതിമാർ. സന്ധ്യമുതൽ നേരംപുലരുവോളം പാടിപ്പാടിനടക്കും. വീടുകളിലെത്തുമ്പോൾ നിലവിളക്കും പായയും വിരിച്ച് സ്വീകരിക്കുമെന്ന് തങ്കമ്മയും കുഞ്ചുവും പറയുന്നു. പിന്നീട് മുറത്തിൽ തേങ്ങയും അരിയും പച്ചക്കറിയും മുണ്ടും പണവുംവച്ച് നൽകും. ഓണപ്പാട്ടും നാവോറുംപാടി അവരിറങ്ങും. ഷൊർണൂരിന്റെ ഗ്രാമവീഥികളിലിന്നും ഇവരുടെ പാട്ടിന്റെ ഈണം സുപരിചിതമാണ്.
77 കാരനായ കുഞ്ചുവും 62 കാരിയായ തങ്കമ്മയും മക്കളായ സിനിയും ആതിരയും ആരതിയുമൊന്നും സംഗീതം പഠിച്ചവരല്ല. എങ്കിലും തുയിലുണർത്തുപാട്ടിന്റെ മാസ്മരികവായ്ത്താരികൾ ഇവർക്ക് മനോഹരമായി വഴങ്ങും. ഉപജീവനത്തിനായി മറുനാടുകളിലേക്ക് ചേക്കേറിയവരെല്ലാം ഓണത്തിന് ഒത്തുചേരുന്നതിനിടയിലാവും തുയിലുണർത്തുപാട്ടിന്റെ സ്വരമാധുരിയുമായി ഇവരുടെ വരവ്. വീഡിയോ എടുക്കലാണ് എല്ലാവർക്കും പ്രധാനം. ഇവർക്കുവേണ്ടി നിന്നു കൊടുക്കാൻ ഈ വൃദ്ധദമ്പതികൾക്ക് മടിയേതുമില്ല.
നാട്ടിൻപുറങ്ങളുടെ നന്മയുടെ പ്രതീകംകൂടിയാണ് അന്യംനിന്നുകൊണ്ടിരിക്കുന്ന തുയിലുണർത്തുപാട്ട്. പുതുതലമുറയ്ക്കുവേണ്ടി വാർധക്യത്തിന്റെ അന്ത്യദശയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ചുവും തങ്കമ്മയും പാടിക്കൊണ്ടിരിക്കുകയാണ്... ഒരു നിയോഗംപോലെ.
മംഗലം ശങ്കരൻകുട്ടി