കുറുവായ്പാടത്തു മൂന്നേക്കറിലെ നെൽകൃഷി പന്നിക്കൂട്ടം നശിപ്പിച്ചു
1453481
Sunday, September 15, 2024 4:57 AM IST
വടക്കഞ്ചേരി: കൊയ്യാൻ പാകമായ നെൽപ്പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം. ജൈവരീതിയിൽ കൃഷി നടത്തുന്ന വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ് പാടശേഖരത്തിൽ ഉൾപ്പെടെ നെൽപ്പാടങ്ങളിലെല്ലാം പന്നിക്കൂട്ടങ്ങൾ വലിയ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. ഉഴുതുമറിക്കും പോലെയാണ് പന്നികൾ കണ്ടത്തിലിറങ്ങി മണ്ണിളക്കി നെല്ല് നശിപ്പിക്കുന്നത്.
കൊയ്യാൻ പാകമായ നെൽച്ചെടികൾ നിലത്ത് വീണാൽ പിന്നെ യന്ത്രകൊയ്ത്തും നടക്കില്ലെന്ന് കുറവായ് പാടത്ത് ഭാരതീയ പ്രകൃതി കൃഷിക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് ശാന്തകുമാർ പറഞ്ഞു.
78 വയസുള്ള മണിയെ പോലെയുള്ള കർഷകർ ഇവിടെ പാട്ടത്തിന് സ്ഥലം എടുത്താണ് ഒന്നാംവിള കൃഷി ഇറക്കിയിട്ടുള്ളത്. ഇതുവരെ സംരക്ഷിച്ചു വന്ന നെല്ല് കൊയ്ത്തിനു തൊട്ടുമുമ്പ് ഇത്തരത്തിൽ നശിപ്പിച്ചാൽ കടബാധ്യത പോലും തീർക്കാനുള്ള നെല്ല് കിട്ടില്ലെന്ന വിഷമമാണ് കർഷകർ പങ്കുവക്കുന്നത്. മുമ്പൊന്നും ഇല്ലാത്ത വിധമാണ് ഇക്കുറി പന്നിക്കൂട്ടങ്ങൾ നെൽപ്പാടങ്ങളിൽ ഇറങ്ങുന്നത്. മയിൽ ശല്യവുമുണ്ട്.
കുറുവായ്പാടത്ത് പതിനെട്ട് ഏക്കറിലാണ് ഭാരതീയ പ്രകൃതി കൃഷി നടത്തുന്നത്. ഇതെല്ലാം നശിപ്പിക്കുന്ന സ്ഥിതിയാണിപ്പോൾ. പന്നിയെ വെടിവയ്ക്കാൻ ലൈസൻസ് ഉള്ളവർ ഉണ്ടെങ്കിലും വെടിവക്കുമ്പോൾ പാലിക്കേണ്ട നൂലാമാലകൾ മൂലം ഇവർ ഉദ്യമത്തിൽ നിന്നും പിന്മാറുകയാണ്.
പന്നിയെ വെടിവയ്ക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി കൃഷിക്ക് മുൻഗണന നൽകിയുള്ള ഉത്തരവുകൾ ഉണ്ടാകണമെന്നാണ് ആവശ്യം.