സാമൂഹിക പ്രതിബദ്ധതയോടെ ഡബ്ല്യുഎംസി കോയമ്പത്തൂർ
1453478
Sunday, September 15, 2024 4:57 AM IST
കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് സ്ഥാപിതമായി അഞ്ചുവർഷം തികയുകയാണ്. കോവിഡ് കാലത്ത് രൂപാന്തരപ്പെട്ട ഈ മലയാളി കൂട്ടായ്മ ഇന്ന് കോയമ്പത്തൂരിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
ലോക വായനദിനത്തോടനുബന്ധിച്ച് ഡബ്ല്യുഎംസി നടത്തിവരുന്ന അമൃതം മലയാളം എന്ന മലയാളഭാഷാപാഠാവലിയുടെ രണ്ടാമത്തെ ബാച്ച് മുപ്പതോളം വിദ്യാർഥികളുമായി ആരംഭംകുറിച്ചു.
കോയമ്പത്തൂരിലെ ഗംഗ ഹോസ്പിറ്റലുമായി ചേർന്ന് അവയവദാനത്തിനായുള്ള ബോധവത്കരണ സെമിനാറുകൾ നടത്തിവരുന്നു.
ഇതിനുപുറമേ ശങ്കര ഐ ഫൗണ്ടേഷനുമായി ചേർന്ന് സ്കൂൾ, കോളജ് തലങ്ങളിൽ ജ്യോതിർഗമയ എന്ന നേത്രദാന ബോധവത്കരണവും സമ്മതപത്ര ശേഖരണവും നടത്തിവരുന്നു.
പ്രായപൂർത്തിയായ പെൺകുട്ടികളിൽ കണ്ടുവരുന്ന സർവിക്കൽ കാൻസർ എന്ന മാരക രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ സ്കൂൾ, കോളജ് തലങ്ങളിൽ വേൾഡ് മലയാളി കൗൺസിലിന്റെ വനിതാവിഭാഗം സെമിനാറുകൾ നടത്തി.
ഈ വർഷം വേൾഡ് ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അമൃത വിദ്യാലയത്തിലേക്ക് ഒരു ട്രെഡ്മില് നൽകി. ലോക ജലദിനത്തോടനുബന്ധിച്ച് ആനക്കട്ടിയിലെ പെൺകുട്ടികൾക്കായുള്ള ഗവ. റസിഡൻഷ്യൽ സ്കൂളിലേക്ക് ശുദ്ധജല പ്ലാന്റുകൾ നൽകി.
ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്, കോട്ടക്കൽ ആര്യവൈദ്യശാല, കോയമ്പത്തൂർ ബ്രാഞ്ച് എന്നിവയുമായി ചേർന്ന് ആയിരത്തോളം വൃക്ഷത്തൈകളും അത്രതന്നെ ഔഷധസസ്യ തൈകളും നട്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു.