പരിസ്ഥിതിലോലം: അധികാരികൾ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കിഫ
1451622
Sunday, September 8, 2024 6:03 AM IST
പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതിലോലമേഖലകളുടെ നിർണയം ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ സങ്കീർണമാകുന്നു. പരിസ്ഥിതിലോല മേഖലയിലെ (ഇഎസ്എ) വിഷയത്തിൽ പഞ്ചായത്തുകളിൽനിന്ന് പരിശോധിച്ച ഭൂപടങ്ങളിൽ ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കേണ്ടതുണ്ടെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഈ മാസം പതിനൊന്നാം തിയതിക്കകം സംസ്ഥാന കാലാവസ്ഥാവ്യതിയാന വകുപ്പിന് സമർപ്പിക്കണം എന്നാണ് ആറാം തിയതി കളക്ടറേറ്റിൽ നടന്ന യോഗത്തിൽ പരിസ്ഥിതി വകുപ്പ് അധികൃതർ ആവശ്യപ്പെട്ടത്.
മേയ് മാസത്തിൽ പഞ്ചായത്തുകൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടുപോയിട്ടുള്ള ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കി തയാറാക്കിയ ഭൂപടങ്ങൾ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അയച്ചു കൊടുത്തതിന്റെയും അവിടെനിന്ന് അത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർക്ക് അയച്ചുകൊടുത്തതിന്റെയും അദ്ദേഹം അത് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജൂണ് 20 ന് അയച്ചതിന്റേയും വിവരാവകാശ രേഖകൾ ഉണ്ട്.
പഞ്ചായത്ത് ഭരണസമിതികളും ഗ്രാമസഭകളും പരിശോധിച്ച് സമർപ്പിച്ചിട്ടുള്ള ആ ഭൂപടങ്ങൾ മൂന്ന് മാസം കഴിഞ്ഞിട്ടും, കേന്ദ്രം കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് നാല്പത് ദിവസങ്ങൾ കഴിഞ്ഞിട്ടും വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ളത് പോലെ കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ഭൂപടങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ ജൂലൈ 31 ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽതന്നെ മറ്റ് അഞ്ച് സംസ്ഥാനങ്ങൾ ചെയ്തതുപോലെ കേരളത്തിന്റേയും ഇഎസ്എ യുടെ ഭൂപടം പ്രസിദ്ധീകരിക്കാമായിരുന്നു.
പരാതികൾ സമർപ്പിക്കുവാനുള്ള കാലാവധി തീരാൻ കേവലം മൂന്ന് ആഴ്ച മാത്രം ബാക്കിയുള്ളപ്പോൾ പോലും സുതാര്യതയോടെ മാപ്പ് പ്രസിദ്ധീകരിക്കുന്നതിന് പകരം തെറ്റിദ്ധാരണ പരത്തുന്ന രണ്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കാലാവസ്ഥാ വ്യതിയാന വകുപ്പ് എംഎൽഎ മാരെ തെറ്റിദ്ധരിപ്പിക്കുകയും, ഗ്രാമപഞ്ചായത്തുകളെ ഇരുട്ടിൽ നിറുത്തി പ്രതിസന്ധി രൂക്ഷമാക്കാനുമാണ് ശ്രമിക്കുന്നത്.
ജനവാസ മേഖലകളും, കൃഷിയിടങ്ങളും ഒഴിവാക്കിയേ മാപ്പുകൾ സമർപ്പിക്കൂ എന്ന് പറയുന്ന പരിസ്ഥിതിവകുപ്പ് ജനങ്ങൾക്ക് പരാതി പറയാൻ കരട് വിജ്ഞാപനത്തിൽ അനുവദിച്ചിരുന്ന അറുപത്ദിവസ കാലാവധി നിഷേധിച്ചിരിക്കുകയാണ്. ഇതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും, ജനങ്ങളുടെ അവകാശം ഹനിക്കുന്ന പരിസ്ഥിതി വകുപ്പിന്റെ ഈ നടപടിയെ നിയമപരമായി നേരിടുമെന്നും, കർഷകന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ലന്നും കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അറിയിച്ചു.