ഉപ്പുമണ്ണിൽ കുന്നിൻചെരിവ് വിണ്ടുകീറിയ സംഭവം; ജിയോളജി വകുപ്പ് പരിശോധന നടത്തി
1451205
Saturday, September 7, 2024 12:18 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയറിനു സമീപം ഉപ്പുമണ്ണിൽ കുന്നിൻചെരിവിൽ ഭൂമി വിണ്ടുകീറിയ സ്ഥലം ജിയോളജി വകുപ്പ് പരിശോധിച്ചു. വിള്ളലുകൾക്ക് കൂടുതൽ ആഴവും വീതിയും ഉണ്ടായതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ കനത്തമഴ തുടർന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.
ആദ്യ പ്രളയവർഷമായ 2018 ഓഗസ്റ്റിലാണ് കുന്നിൻചെരുവിൽ അർധവൃത്താകൃതിയിൽ ഭൂമി വിണ്ടുകീറിയ നിലയിൽ കാണപ്പെട്ടത്. പിന്നീട് അഞ്ച് വർഷത്തോളം പ്രശ്നങ്ങളുണ്ടായില്ല. എന്നാൽ ഈ വർഷം വിള്ളൽ വ്യാപിക്കുകയായിരുന്നു. കുന്നിനു താഴെയുള്ള അഞ്ച് കുടുംബങ്ങളെ നേരത്തെ തന്നെ നഷ്ടപരിഹാരം നല്കി മറ്റിടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു.
ബാക്കിയുള്ള ഏഴു കുടുംബങ്ങളെ കൂടി മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ റിപ്പോർട്ട് നല്കി. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു, അസിസ്റ്റന്റ് ജിയോളജിസ്റ്റ് രാഹുൽ, ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, വാർഡംഗം സഫീന ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.