പാർക്കുചെയ്ത കാറിന്റെ ചില്ലു തകർത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചവർ പിടിയിൽ
1450655
Thursday, September 5, 2024 1:56 AM IST
പാലക്കാട്: ഹോട്ടലിനു മുൻവശം പാർക്കുചെയ്തിരുന്ന കാറിന്റെ ചില്ലുതകർത്തു മൊബൈൽഫോൺ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
കോയന്പത്തൂർ സ്വദേശികളായ രണ്ടു പ്രതികളെയും അർധരാത്രിയിൽ അതിസാഹസികമായാണു കസബ പോലീസ് പിടികൂടിയത്.
കോയന്പത്തൂർ മധുക്കരൈ അറിവോളിനഗർ അംബേദ്കർ സാധുക്കം സ്വദേശികളായ നാരായണന്റെ മകൻ കാർത്തിക് (24), ശ്രീനിവാസന്റെ മകൻ തമിഴ് വാവണൻ (27) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് മരുതറോഡിലെ ഹോട്ടലിനു മുന്പിലായിരുന്നു മോഷണം നടന്നത്. പാർക്കുചെയ്തിരുന്ന ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസ് കവണ ഉപയോഗിച്ചു തകർത്ത് അകത്തുകയറി ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളും 25,000 രൂപയുമാണ് ഇരുവരും മോഷ്ടിച്ചത്.
പ്രതികൾക്കു കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ കേസുകളുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് കസബ പോലീസ് ഇൻസ്പെക്ടർ വി. വിജയരാജൻ, എസ്ഐമാരായ എച്ച്. ഹർഷാദ്, ഉദയകുമാർ, റഹ്്മാൻ, എഎസ്ഐ പ്രിയ, എസ്സിപിഒമാരായ ജയപ്രകാശ്, സെന്തിൽ, രഘു, ബാലചന്ദ്രൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികൾ ഓടിച്ച സ്കൂട്ടറും കസ്കഡിയിൽ എടുത്തിട്ടുണ്ട്.
വൈദ്യപരിശോധനക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.