ദുരിതാശ്വാസ ക്യാമ്പ് മാറ്റി; പോത്തുണ്ടി സ്കൂൾ ഇന്നുമുതൽ പ്രവർത്തിക്കും
1442596
Wednesday, August 7, 2024 1:24 AM IST
നെല്ലിയാമ്പതി: ദുരിതാശ്വാസക്യാമ്പായി പ്രവർത്തിക്കുന്ന പോത്തുണ്ടി ഗവ. എൽപി സ്കൂൾ ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും. ക്യാമ്പ് നടക്കുന്നതിനാൽ വിദ്യാർഥികളുടെ പഠനം തടസപ്പെട്ടതിനെതുടർന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് സ്കൂളിൽ ഉണ്ടായിരുന്ന ചെറുനെല്ലിനഗർ പട്ടികവർഗക്കാരുടെ ദുരിതാശ്വാസ ക്യാമ്പ് പോത്തുണ്ടി ജലസേചന വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിന് സമീപത്തുള്ള ഡോർമെറ്ററിയിലേക്കു മാറ്റുകയായിരുന്നു.
പട്ടികവർഗക്കാർ താമസിക്കുന്ന ചെറുനെല്ലിനഗറിനു ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും നാശനഷ്ടം നേരിട്ടിരുന്നു. പോത്തുണ്ടിവഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെതുടർന്ന് പോത്തുണ്ടി ഡാമിനുള്ളിലൂടെ കൊട്ടവഞ്ചിമാർഗം എത്തിച്ചാണ് സ്കൂളിലെ ക്യാമ്പിൽ താമസിപ്പിച്ചത്. ചെറുനെല്ലിയിലെ എസ്റ്റേറ്റിലെ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും കൂടുതൽ പേരെ ഉൾക്കൊള്ളാൻ കഴിയാത്തത്തിനാലാണ് പുതിയ സ്ഥലം കണ്ടെത്തേണ്ടിവന്നത്.
കെ. ബാബു എംഎൽഎ യുടെയും ജില്ലാ പട്ടികവർഗ ഓഫീസർ എം. ഷമീനയുടെയും നേതൃത്വത്തിൽ ഡോർമെറ്ററി പരിശോധിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്തിയശേഷമാണ് ക്യാമ്പ് മാറ്റിയത്. ഏഴ് പുരുഷന്മാരും 12 സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന 21 അംഗ സംഘമാണുള്ളത്.
ഇവർക്ക് ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, പുതപ്പ് തുടങ്ങിയവ എത്തിച്ചിട്ടുണ്ട്. അങ്കണവാടി വർക്കർമാരുടെ സഹായത്തോടെ ക്യാമ്പ് അംഗങ്ങൾക്ക് ഭക്ഷണം തയാറാക്കിനൽകും.