കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് മാർഗതടസം സൃഷ്ടിക്കുന്നത് തടയണം: ജെഡിയു
1441488
Saturday, August 3, 2024 1:06 AM IST
പാലക്കാട്: കെഎസ്ആർടിസി ബസ്സ്റ്റാൻഡിന്റെ മുൻവശത്ത് പരസ്യബോർഡുകളും ഓട്ടോ സ്റ്റാന്റും കച്ചവടക്കാരും ചേർന്ന് ജനങ്ങൾക്ക് മാർഗതടസം സൃഷ്ടിക്കുന്നതായി ജനതാദൾ യുണൈറ്റഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പൊതുജനങ്ങൾക്ക് ബസ് സ്റ്റാൻഡിലേക്ക് കയറിവരാനോ പുറത്തുവരുവാനോ ബുദ്ധിമുട്ട് നേരിടുന്നു. പുറമെനിന്നും ഇരുചക്രവാഹനത്തിലോ കാറിലോ യാത്രക്കാരെ ഇവിടെ കൊണ്ടുവന്നിറക്കാനോ കയറ്റിക്കൊണ്ടുപോകുന്നതിന് വാഹനങ്ങൾ നിർത്താനോ പോലും ഇടമില്ലാത്ത രീതിയിലാണ് ഇവർ മാർഗതടസം സൃഷ്ടിച്ചിരിക്കുന്നത്.
ഇത് മനുഷ്യാവകാശലംഘനമാണെന്നും ഉടൻ പരിഹാരനടപടികൾ സ്വീകരിക്കണമെന്നും ഓട്ടോറിക്ഷ പാർക്കിംഗ് പുനക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് റാഫി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ജെ. നിക്കോളാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുരുകദാസ് നെച്ചുളളി, എം. മുഹമ്മദ് ഷെറീഫ്, യു. ഗോപിനാഥ്, അബ്ദുൾ ഹക്കീം, കെ.ഇ. വേണുഗോപാൽ പ്രസംഗിച്ചു.