മേനോൻപാറപാലം റോഡരികിൽ ചാക്കിൽ മാലിന്യം തള്ളുന്നവരെ പിടികൂടണം
1435228
Friday, July 12, 2024 12:27 AM IST
കൊഴിഞ്ഞാമ്പാറ: ശ്രീകൃഷ്ണ ക്ഷേത്രം - മേനോൻപാറപാലം വഴിയിൽ ചാക്കിൽകെട്ടി മാലിന്യം തള്ളൽ വീണ്ടും സജീവം. കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും പച്ചക്കറി, ബേക്കറി മാലിന്യങ്ങൾ യൂറിയ ചാക്കിൽ നിറച്ച് ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുവന്നിടുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. തെരുവുനായകൾക്ക് പുറമെ പന്നിശല്യവും കൂടുന്നുണ്ട്. ഇഴജന്തുക്കൾ മാംസമാലിന്യം ഭക്ഷിക്കാനെത്തുന്നത് രാത്രികാല കാൽനട സഞ്ചാരികൾക്ക് ഭീഷണിയാകുന്നുണ്ട്.
ഈ സ്ഥലത്തിനു സമീപത്തുള്ള ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുവരുന്നതും തെരുവുനായ ഭീഷണിയിലാണ്. യുപി ക്ലാസ് വിദ്യാർഥികളെ രക്ഷിതാക്കൾ ഇരുചക്ര വാഹനത്തിൽ സ്കൂളിൽ എത്തിച്ച് വൈകുന്നേരം തിരിച്ചുകൊണ്ടു പോകുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായകൾ കുറുകെ ഓടി ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്കു പറ്റിയ അപകടങ്ങളും നടന്നിട്ടുണ്ട്. തൃശൂർ - കോയമ്പത്തൂർ അന്തർ സംസ്ഥാന പാതയെന്നതിനാൽ ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപായുന്ന പ്രധാന വഴിയാണ്. രാത്രിസമയങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സോളാർ ലാമ്പുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
പാലം റോഡിൽ വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ഇല്ലാത്തത് മാലിന്യം കൊണ്ടുവരുന്നവർക്ക് അനുകൂല സാഹചര്യമാണ്.