നെല്ലിക്കുളങ്ങര ക്ഷേത്രക്കുളം നവീകരിക്കാൻ ജില്ലാ പഞ്ചായത്ത് 10 ലക്ഷം വകയിരുത്തി
1431400
Tuesday, June 25, 2024 12:14 AM IST
നെന്മാറ: നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രക്കുളം നവീകരിക്കാൻ നടപടിയായി. ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി.
ഇടിഞ്ഞുവീണ കൽപ്പടവുകളും സംരക്ഷണ ഭിത്തിയും പുനർനിർമിക്കും. മൂന്ന് വർഷം മുമ്പാണ് പടവുകൾ കുളത്തിനുള്ളിലേക്ക് ഇടിഞ്ഞത്.
സംരക്ഷണഭിത്തി ഇടിഞ്ഞതോടെ നെന്മാറ വേലയോടനുബന്ധിച്ച് ഉത്സവത്തിന് എത്തിയ ആളുകൾ കുളത്തിൽ വീഴുന്നത് പതിവായിരുന്നു.
ഇതു തടയുന്നതിനായി തുടർച്ചയായ രണ്ടുവർഷമായി ഇരുമ്പ് പൈപ്പുകളും മുളകളും ഉപയോഗിച്ച് സംരക്ഷണവേലി ഉത്സവ സമയത്ത് കെട്ടുകയാണ് താത്കാലിക സംരക്ഷണം നടത്തിയിരുന്നത്.
ഇടിഞ്ഞുവീണ കൽപ്പടവും സംരക്ഷണഭിത്തിയും കുളത്തിനുള്ളിലേക്ക് വീണ ഭാഗത്ത് പാഴ്ചെടികളും വള്ളിപടർപ്പും മൂടി സംരക്ഷണഭിത്തി തകർന്നുവീണത് തിരിച്ചറിയാത്ത രീതിയിൽ അപകട മേഖലയായി മാറിയിരിക്കുകയാണ്. ക്ഷേത്രത്തിലേക്ക് എത്തുന്ന നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറു ഭാഗമാണ് ഇടിഞ്ഞു വീണിരുന്നത്.
പ്രദേശവാസികളുടെ വർഷങ്ങളായ ആവശ്യമാണ് ജില്ലാ പഞ്ചായത്ത് നടപടിയിലൂടെ പരിഹാരമാകുന്നത്.
അടങ്കൽ നടപടികൾ കഴിഞ്ഞാലുടൻ പണി ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ പറഞ്ഞു.