ജനവാസകേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ
1431230
Monday, June 24, 2024 1:35 AM IST
വടക്കഞ്ചേരി: ജനവാസ കേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കണക്കൻതുരുത്തി പൊത്തപ്പാറയിലും ചക്കുണ്ടിലുമായി നിരവധി വീടുകൾക്കും ആരാധനാലയത്തിനും സമീപം കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
വീടുകളുടെ 50 മീറ്റർ മാത്രം ദൂരത്തിലാണ് ക്വാറി തുടങ്ങുന്നതെന്ന് പറയുന്നു. കുത്തനെയുള്ള പാറക്കെട്ടില്‍ ഖനനം നടത്തുമ്പോൾ മണ്ണിടിച്ചിലും പൊടിശല്യവും കല്ലുകൾ തെറിച്ച് വീടുകളുടെ തകർച്ചക്കും കാരണമാകും. പൊടി മൂടി കൃഷിയിടങ്ങളും നശിക്കും. ജീവനും അപകട ഭീഷണിയുണ്ട്. കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ജനകീയ സമിതി വഴി ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതിഷേധ കൂട്ടായ്മയിൽ ഷിബു ജോൺ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മെംബർമാരായ എ.ടി. വർഗീസ്കുട്ടി, അമ്പിളി മോഹൻദാസ് എന്നിവരും സിജോ മാത്യു, കെ.ഡി. ധനീഷ്, എസ്. അരുൺ, സി. ഷാജി, അജീഷ് വർഗീസ്, ടി.പി. എൽദോസ്, കൗസല്യ ഉണ്ണികൃഷ്ണൻ, ബേസിൽ ഷിബു എന്നിവർ പ്രസംഗിച്ചു.