ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് പ്രശ്നത്തിലിടപെട്ട് ഹൈക്കോടതി
1430740
Saturday, June 22, 2024 1:19 AM IST
ഒറ്റപ്പാലം: പാർക്കിംഗ് പരിഷ്ക്കാരത്തിലെ പരാതികൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാൻഡിലെ ബസുകളുടെ പാർക്കിംഗ് പരിഷ്കാരത്തെചൊല്ലി നിലനിൽക്കുന്ന പരാതികളിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
ബസ് ജീവനക്കാരുടെ സംഘടന നഗരസഭയ്ക്ക് സമർപ്പിച്ച പരാതികൾ പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ് മെംബേഴ്സ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ് ഉണ്ടായത്. നേരത്തേ യാഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ച് കെട്ടിടത്തിലെ വരാന്തയ്ക്ക് അഭിമുഖമായി നിർത്തുന്ന ക്രമീകരണം അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സംഘടന കോടതിയെ സമീപിച്ചത്. പരിഷ്ക്കാരം അശാസ്ത്രീയമാണെന്നും യാത്രപുറപ്പെടാൻ ബസുകൾ പിന്നോട്ടെടുക്കുന്ന ഘട്ടത്തിൽ അപകടസാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് 24 ന് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.
യാത്രപുറപ്പെട്ടശേഷം യാഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 29 നും നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതികൾ പരിഗണിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഹർജിക്കാർക്കും ഒപ്പം പരിഷ്കാരം ബാധിച്ച മറ്റുള്ളവർക്കും നോട്ടീസയക്കണം. ഇവ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി ഹർജി കോടതി തീർപ്പാക്കി.