കോട്ടയം-പാലക്കയം കെഎസ്ആർടിസി സർവീസ് പുന:സ്ഥാപിക്കണം
1429587
Sunday, June 16, 2024 3:51 AM IST
മണ്ണാർക്കാട്: മലയോര കുടിയേറ്റ മേഖലയായ പാലക്കയത്ത് നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കോട്ടയത്തുനിന്നും പാലക്കാട്ടേക്കുള്ള ഈ സർവീസ് നടത്തുന്നുണ്ട് എങ്കിലും മണ്ണാർക്കാട് വച്ച് സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതുമൂലം മലയോര മേഖലയിലെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ല. 30 വർഷം മുൻപ് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയാണ് ഈ സർവീസ് ആരംഭിക്കുന്നതിനു മുൻകൈയെടുത്തത്. പാലക്കയം, കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പൂഞ്ചോല, കാഞ്ഞിരം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കോട്ടയം ജില്ല ആയിട്ടാണ് കൂടുതൽ ബന്ധം.
ഇത് കണക്കിലെടുത്താണ് ഈ സർവീസ് ആരംഭിച്ചത്. ഇത് നിർത്തിയത് മൂലം മലയോര മേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കാഞ്ഞിരപ്പുഴ റോഡിന്റെ നിർമാണത്തെ തുടർന്ന് ബസിന്റെ സർവീസ് ആദ്യഘട്ടത്തിൽ കാഞ്ഞിരത്തു വച്ചും പിന്നീട് മണ്ണാർക്കാട് വച്ചും അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സൂപ്പർഫാസ്റ്റ് ബസിന് പകരം സ്വിഫ്റ്റ് ബസ് ആണ് സർവീസ് നടക്കുന്നത്. ഇത് ആരംഭിച്ചത് മുതൽക്ക് തന്നെ സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ സമ്മർദ്ദം മൂലമാണ് ബസ് അധികൃതർ മണ്ണാർക്കാട് സർവീസ് അവസാനിപ്പിക്കുന്നത് എന്നാണ് പറയുന്നത്.
മണ്ണാർക്കാട് നിന്നും ബസ് സർവീസ് ഉണ്ട് എങ്കിലും പാലക്കയം, കാഞ്ഞിരപ്പുഴ, കാഞ്ഞിരം എന്നിവിടങ്ങളിലെ ആളുകൾ വേറെ വണ്ടി വിളിച്ചു വേണം ചിറക്കൽപ്പടിയിലും മണ്ണാർക്കാട് എത്തി ഈ ബസിന് യാത്ര ചെയ്യുവാൻ. അധികൃതർ ഇടപെട്ട് ബസ് സർവീസ് പാലക്കയം വരെ നീട്ടണം എന്ന ആവശ്യമാണ് ഉയരുന്നത്. കോട്ടയം-പാലക്കയം ബസ് സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കുന്നതിനെതിരെ ബസിൽ കയറി കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കോട്ടയത്തു നിന്നു വന്ന ബസിൽ തച്ചമ്പാറയിൽ നിന്നാണു കോൺഗ്രസ് പ്രവർത്തകർ കയറിയത്.
12 പേർക്കു പാലക്കയത്തേക്കു ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും മണ്ണാർക്കാട്ടേക്കു ടിക്കറ്റ് നൽകാനേ കഴിയൂവെന്നു കണ്ടക്ടർ പറഞ്ഞു.
ബസ് മണ്ണാർക്കാട് ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുകയും ബസിൽ നിന്ന് പുറത്തേക്ക് വരാതെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ബസിനു പെർമിറ്റ് പാലക്കയത്തേക്കാണെന്നും തങ്ങളെ പാലക്കയത്ത് എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രതിഷേധിച്ചിരുന്നു.
എന്നാൽ കോട്ടയം-പാലക്കയം സ്വിഫ്റ്റ് ബസിന്റെ സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കാനാണു നിർദേശമെന്നും മറിച്ച് ഉത്തരവില്ലാത്തതിനാൽ പാലക്കയത്തേക്കു നിലവിൽ സർവീസ് നടത്താൻ കഴിയില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.