കാളികുളമ്പിൽ പിടികൊടുക്കാതെ പുലി വിളയാട്ടം: പിടിക്കാതെ വിടില്ലെന്ന് നാട്ടുകാർ
1429583
Sunday, June 16, 2024 3:43 AM IST
കൊല്ലങ്കോട്: പുലിയടെ കണ്ട സാഹചര്യത്തിൽ കാളികുളമ്പിലും പരിസര പ്രദേശങ്ങളിലും അണഞ്ഞു കിടക്കുന്ന തെരുവുവിളക്കുകൾ പുനസ്ഥാപിച്ചു തുടങ്ങി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ സ്ഥലം സന്ദർശന വേളയിൽ തെരുവിളക്കുകൾ പൂർണ്ണമായും കത്തിക്കണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു.
വൈദ്യുതി ലൈനുകളില്ലാത്ത കാച്ചാംകുറുച്ചി- വരുത്തി പാതയിൽ സോളർ ലാമ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചിരണി, കൊശവൻകോട്, കാളികുളമ്പ് ഉൾപ്പെടെ മൂന്നു കിലോമീറ്റർ സ്ഥലപരിധിയിലാണ് പുലിപിടി കൊടുക്കാതെ വനപാലകരെയും നാട്ടുകാരെയും വന്യമൃഗം വട്ടം കറക്കുന്നത്. ഇതുവരെ തെരുവുനായകളെ മാത്രമാണ് പുലി പിടിച്ച് ഭക്ഷിച്ചിരിക്കുന്നന്നത്.
സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിലൊന്നും പുലിയെ കണ്ടെത്താൻ സാധിക്കാതിരുന്നതാണ് കൂട് സ്ഥാപിക്കുന്നതിന് സാങ്കേതിക പ്രശ്നമായിട്ടുള്ളത്. എന്നാൽ പുലിയെ കണ്ടതിനു ദൃക്സാക്ഷികളുണ്ട്.
ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുലി ഉണ്ടാവുമെന്ന നിഗമനത്തിൽ വനപാലകർ വിശ്രമില്ലാതെ തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇത്തരം ആശ്വാസ പ്രതികരണങ്ങളിലൊന്നും നാട്ടുകാരുടെ ഭയം അകറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. ഇടയ്ക്കിടെ മഴ ഉണ്ടാവുന്ന സമയത്താണ് പുലിയുടെ കാൽപ്പാടുകൾ കാണപ്പെടുന്നത്. തുടർച്ചയായി തീറ്റ കിട്ടാതെ വന്നാൽ വൈകാതെ പുലി പ്രദേശവാസികളെ അക്രമിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.