മഞ്ചേരി കുള്ളൻവാഴ വിളവെടുപ്പിനു തയാറായി
1429340
Saturday, June 15, 2024 12:20 AM IST
ആലത്തൂർ: തരൂർ കൃഷിഭവൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ‘മഞ്ചേരി കുള്ളൻ' എന്നയിനം വാഴ വിളവെടുപ്പിന് തയ്യാറായി. 500 ഓളം വാഴകളാണ് പാകമായിട്ടുള്ളത്. ആറര മുതൽ 7 അടി വരെ മാത്രമേ ഈ വാഴകൾക്ക് ഉയരമുള്ളൂ. സാധാരണ വാഴകൾക്ക് 10 അടിക്ക് മുകളിൽ ഉയരം ഉണ്ടാകും. നാല് മുതൽ അഞ്ച് പടലകൾ ഉള്ള കുലകൾക്ക് ശരാശരി തൂക്കം 10 കിലോവരെയുണ്ട്. നാലര മുതൽ അഞ്ച് മാസം കൊണ്ട് എല്ലാ വാഴയിലും കുലവന്നു.
മറ്റുവാഴകളെ പോലെത്തന്നെ മാത്രമേ ഇതിനും പരിചരണം ആവശ്യമുള്ളൂ. എന്നാൽ വളമിടുമ്പോൾ മറ്റുവാഴകൾക്ക് മാസത്തിൽ ഒരുതവണ വീതം 5 തവണ എന്നത് കുള്ളൻ വാഴക്ക് 20 ദിവസം എന്ന ക്രമത്തിൽ ഇടേണ്ടേതാണ്. കർണാടകയിൽ നിന്ന് വിത്ത് വരുത്തി കർഷകർക്ക് കൃഷി ചെയ്യാൻ നൽകിയ തരൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് പറഞ്ഞു.
ഇതിൽ നിന്നും വിത്ത് മാറ്റി മറ്റൊരു ഇടത്ത് കൂടി കൃഷി ചെയ്യുകയും ഇതേ ഗുണങ്ങൾ ലഭിക്കുകയും ചെയ്താൽ മഞ്ചേരി കുള്ളൻ വാഴകൾ വ്യവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്ന് തരൂർ കൃഷി ഓഫീസർ റാണി ആർ. ഉണ്ണിത്താൻ പറഞ്ഞു. മറ്റു വാഴകളെ അപേക്ഷിച്ചു കുലയ്ക്കു തൂക്കം കുറവാണെങ്കിലും കുറഞ്ഞ പരിചരണവും സമയക്കുറവും നേട്ടമായി എന്ന് കർഷകനായ നിഷാദ് തച്ചനാംകോട് പറയുന്നു.