മാലിന്യ ദുർഗന്ധത്തിൽമ ുങ്ങി നഗരസഭയുടെ പച്ചക്കറിച്ചന്ത
1425222
Monday, May 27, 2024 1:17 AM IST
ചിറ്റൂർ: ഫാത്തിമ ജംഗ്ഷനിലുള്ള ചിറ്റൂർ- തത്തമംഗലം നഗരസഭ കോപ്ലക്സിനു പിന്നിലെ ചന്തപ്പുരയിലെത്തുന്ന ജനങ്ങൾ മാലിന്യദുർഗന്ധത്തിൽ വലയുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പച്ചക്കറിച്ചന്തയിൽ സമീപ പ്രദേശങ്ങളിൽനിന്ന് നിരവധി പേരാണ് എത്തുന്നത്. വ്യാപാരികളും ഇവിടെ എത്തുന്ന ജനങ്ങളും സാധനങ്ങൾ വാങ്ങാൻ മൂക്കുപൊത്തി നിൽക്കേണ്ടതായ ഗതികേടിലാണ്.
കോംപ്ലക്സ് കെട്ടിടത്തിന്റെ പുറകിലുള്ള അഴുക്കുചാലിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്നത്. ശക്തമായ മഴപെയ്തിട്ടു പോലും അഴുക്കുചാൽ അടഞ്ഞ നിലയിലായതിനാൽ മലിനജലം ഒഴിഞ്ഞു പോവുന്നില്ല.
ചാലിൽ വ്യാപാരികൾ തള്ളിയ പ്ലാസ്റ്റിക് കവർ നിറഞ്ഞതും മലിനജലം കെട്ടിനിൽക്കാൻ കാരണമായിട്ടുണ്ട്.
ശുചീകരണം തുടക്കമായതായി നഗരസഭാ അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും നഗരമധ്യത്തിൽ തന്നെ മാലിന്യം കുമിഞ്ഞുകിടക്കുന്നത് വ്യാപാരികളുടെയും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
അടിയന്തരമായി ഷോപ്പിംഗ് കോംപ്ലക്സിനു സമീപത്തെ ചന്തപ്പുരം ശുചീകരണം നടത്തി ഉപയോഗപ്രഥമാക്കണമെന്നതാണ് ആവശ്യമുയരുന്നത്.