കൃഷിഭൂമി വീണ്ടും കവർന്നെടുത്ത് ഭാരതപ്പുഴ
1425076
Sunday, May 26, 2024 7:38 AM IST
ഒറ്റപ്പാലം: കൃഷിഭൂമി വീണ്ടും കവർന്നെടുത്ത് ഭാരതപ്പുഴ. വാണിയംകുളം മാന്നന്നൂർ പ്രദേശവാസികളായ കർഷകർക്കാണ് നിളയുടെ നീരൊഴുക്കിൽ തങ്ങളുടെ കൃഷിഭൂമി വീണ്ടും അന്യമാകുന്നത്. പുഴയൊഴുകുന്നത് പല കർഷകരുടേയും കൃഷിസ്ഥലങ്ങളിൽ കൂടിയാണ്. മാന്നനൂർ ഉരുക്കുതടയണയാണ് പ്രദേശത്ത് വില്ലനാകുന്നത്.
നേരത്തെ കൃഷിഭൂമി ഒലിച്ചുപോയ ശേഷം 5 വർഷത്തിലേറെ നീണ്ട പ്രയത്നങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വീണ്ടും തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. തടയണയോടു ചേർന്നു പാർശ്വഭിത്തി നിർമാണം പൂർത്തിയാക്കി പുഴയുടെ അതിർത്തി നിർണയിച്ച ശേഷം ബാക്കി പ്രദേശം മണ്ണിട്ടു നികത്തുന്ന മുറയ്ക്കു തങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടുമെന്നാണു കർഷകരുടെ പ്രതീക്ഷ.
നിർമാണത്തിലിരുന്ന പാർശ്വഭിത്തിയുടെ ഒരുഭാഗം ഒഴുക്കിൽപ്പെട്ടു നിലംപൊത്തിയതോടെ പുഴ വീണ്ടും കൃഷിയിടങ്ങളിലൂടെയാണ് ഒഴുകുന്നത്. തീരത്തെ കൃഷിയിടങ്ങളിൽ വീണ്ടും മണ്ണിടിച്ചിലും രൂക്ഷമായി. ഷട്ടറുകൾ ഇല്ലാത്ത തടയണ പ്രദേശത്തു സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നതോടെയാണു പുഴ ഗതിമാറി കരകയറുന്നത്. ഈ കുത്തൊഴുക്കാണു നിർമാണത്തിലിരിക്കുന്ന പാർശ്വഭിത്തിയുടെ നിലനിൽപിനും ഭീഷണിയായത്. ഉരുക്കു തടയണ നിർമിക്കുന്നതു വരെ പുഴ കൃഷിയിടങ്ങളിലേക്കു കയറിയിട്ടില്ലെന്നു കർഷകർ പറയുന്നു.
പാർശ്വഭിത്തി കൂടാതെ നിർമിക്കപ്പെട്ട തടയണ മൂലം സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെയാണു പ്രളയകാലത്തു പുഴ ഗതിമാറിയതും വശങ്ങൾ ഇടിഞ്ഞതും. പുഴയ്ക്കും വയൽപ്രദേശത്തിനും ഇടയിലെ ഇറിഗേഷന്റെ ഭൂമിയും മരങ്ങളുമെല്ലാം 2018ലെയും 19 ലെയും പ്രളയകാലങ്ങളിൽ ഒഴുകിപ്പോയിരുന്നു. 2016ൽ ആണു പുഴയ്ക്കു കുറുകെ മാന്നന്നൂരിനെയും തൃശൂർ ജില്ലയിലെ പൈങ്കുളം തീരത്തെയും ബന്ധിപ്പിച്ചു ഉരുക്കു തടയണ നിർമാണം പൂർത്തിയാക്കിയത്. അതേ സമയം ഉരുക്കു തടയണ പ്രദേശത്തു നിർമാണത്തിലിരിക്കെ തകർന്നുവീണ കോൺക്രീറ്റ് ഭിത്തി വീണ്ടും ഇതേ ഭാഗത്ത് ഉറപ്പിക്കാനാകുമോയെന്നു പരിശോധിക്കും.
തകർന്ന ഭാഗത്തെ അറ്റകുറ്റപണികൾ പൂർണമായും കരാറുകാരന്റെ ഉത്തരവാദിത്വത്തിലാകുമെന്നു പദ്ധതി ഏകോപിപ്പിക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ സൈറ്റ് എൻജിനീയർ വ്യക്തമാക്കി.
മഴ മാറി പുഴയിൽ ഒഴുക്കു കുറയുന്ന മുറയ്ക്കു നിർമാണം പുനരാരംഭിക്കാനാണു തീരുമാനം. ചില നിർമാണ സാമഗ്രികൾ ഒഴുകിപ്പോയതിന്റെ പേരിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കർഷകർ കനത്ത ആധിയിലാണ്.