1.21 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും
1424709
Saturday, May 25, 2024 1:31 AM IST
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ ഒരു കോടി 21 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഇഷയുടെ നേതൃത്വത്തിലുള്ള കാവേരി കുക്കുറൽ മൂവ്മെന്റ് പ്രഖ്യാപിച്ചു.
പൊള്ളാച്ചിയിൽ നടന്ന ചടങ്ങിൽ പൊള്ളാച്ചി എംപി ഷൺമുഖ സുന്ദരം ഉദ്ഘാടനം നിർവഹിച്ചു. മാണിക്കം, ശക്തി ഗ്രൂപ്പ് ചെയർമാൻ വസന്തകുമാർ, കർപ്പഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ജി.ഡി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം കാവേരി കുക്കുറൽ പ്രസ്ഥാനത്തിലൂടെ 2 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. തേക്ക്, ചന്ദനം, ആൽമരം, വേപ്പ്, മഹാഗണി, റോസ്വുഡ് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങളാണ് കർഷകർ തങ്ങളുടെ നിലങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്.കോയമ്പത്തൂർ ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം 7,63,087 തൈകളാണ് കൃഷിയിടങ്ങളിൽ നട്ടത്.
കാവേരി കുക്കുറൽ പ്രവർത്തകർ കൃഷിയിടങ്ങൾ സന്ദർശിച്ച് മണ്ണിന് അനുയോജ്യമായ മരങ്ങൾ തെരഞ്ഞെടുക്കൽ, ജലപരിപാലനം, കള പരിപാലനം, ഇടവിളകൾ എന്നിവയെക്കുറിച്ച് ഉപദേശം നൽകും. കൂടുതൽ വിവരങ്ങൾക്കും തൈകൾക്കും കർഷകർക്ക് 80009 80009 എന്ന നമ്പറിൽ ബന്ധപ്പെടാം.