മഴയ്ക്കൊപ്പം കരിപ്പാലിയിൽ അപകടങ്ങളും തുടങ്ങി
1424701
Saturday, May 25, 2024 1:31 AM IST
വടക്കഞ്ചേരി: കരിപ്പാലി കടക്കുമ്പോൾ വേഗക്കടുപ്പം വേണ്ടെന്നു പറഞ്ഞതേയുള്ളൂ. മഴ ആരംഭിച്ചതോടെ കരിപ്പാലിയിൽ അപകടങ്ങളും തുടങ്ങി.
മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലി ഭാഗം അങ്ങനെയാണ്. മഴയില്ലെങ്കിൽ റോഡിനു വലിയ കുഴപ്പമില്ല.
ചാറ്റൽമഴയൊന്നു പെയ്താൽ മതി പിന്നെ റോഡ് അപകടകാരിയാകും. അരക്കിലോമീറ്റർ ദൂരം ഏതുസമയവും അപകടമുണ്ടാകാം.
ഇന്നലെ രാവിലെ ഗോവിന്ദാപുരത്തുനിന്നും വടക്കഞ്ചേരിയിലേക്കു വന്നിരുന്ന സ്വകാര്യ ബസ് റോഡിലെ മിനുസത്തിൽ തെന്നിമാറി പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. ആർക്കും പരിക്കേറ്റില്ല. രണ്ടു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുതൂങ്ങി.
പൈപ്പിടാൻ കുഴിച്ച ചാലിൽ കുടുങ്ങിയ ബസ് പിന്നെ കരയ്ക്കുകയറ്റാനും ഏറെ പണിപ്പെട്ടു. നാലുദിവസംമുമ്പ് ഇതിനടുത്ത് സ്കൂട്ടർ യാത്രക്കാരിയും അപകടത്തിൽപ്പെട്ടിരുന്നു. കരിപ്പാലി റോഡിന്റെ ഈ അപകടാവസ്ഥ സംബന്ധിച്ച് ഈമാസം 15ന് ദീപികയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ചാറ്റൽമഴ മതി ഇവിടത്തെ റോഡിന്റെ സ്വഭാവം മാറാൻ. റോഡ് കാണാൻ മനോഹരമാണ്.
മറ്റു പലയിടത്തും പാത തകർന്നു കിടക്കുകയാണെങ്കിലും അപകടക്കെണിയായ കരിപ്പാലി ഭാഗത്ത് ഒറ്റ കുഴി പോലുമില്ല. വിദഗ്ധ ഡ്രൈവറായാലും കരിപ്പാലി കടക്കാൻ എല്ലാ ദൈവങ്ങളെയും നീട്ടിവിളിക്കണം. റോഡ് റീടാറിംഗ് നടത്തിയതിനുശേഷമാണ് വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടങ്ങളിൽപ്പെടുന്ന സ്ഥിതി തുടങ്ങിയത്.
റോഡിന് ഗ്രിപ്പില്ലാത്തതാണ് അപകടങ്ങൾക്കെല്ലാം കാരണമാകുന്നത്. ഓയിൽ ഒഴുകിയപ്പോലെയാണ് റോഡ്.
ഇവിടെ എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് കണക്കുവയ്ക്കാൻപോലും കഴിയാത്ത വിധം അത്രയേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. രണ്ടുവർഷം മുമ്പ് സ്വകാര്യബസ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞായിരുന്നു വലിയ അപകടം.
തുടർന്ന് അപകടപരമ്പര തന്നെ ഇവിടെ അരങ്ങേറി. റോഡിൽ മഴ വീണാൽ പാതയോരത്തെ വീട്ടുകാരും ഭീതിയിലാകും. നിയന്ത്രണം വിട്ട് വാഹനങ്ങൾ പാഞ്ഞ് വരുമോ എന്ന പേടിയിലാണ് വീട്ടുകാരെല്ലാം.
വാഹനങ്ങൾ ഇടിച്ചുതകർത്ത് ഇവിടുത്തെ വൈദ്യുതി പോസ്റ്റുകളെല്ലാം പുതിയതാണിപ്പോൾ.
പത്തു വൈദ്യുതി പോസ്റ്റെങ്കിലും മാറ്റിയിട്ടുണ്ടാകുമെന്നാണ് പറയുന്നത്. കരിപ്പാലി പാലത്തിനു സമീപം അപകട മുനമ്പാണ്.
ഇവിടത്ത ചെറിയ വളവാണ് മറ്റൊരു അപകടക്കുരുക്ക്. മുടപ്പല്ലൂർ ഇറക്കത്തിലുള്ള വളവിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.