മംഗലംഡാം കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ: റോഡുകൾ തകർന്നു, വെള്ളവുമില്ല
1424700
Saturday, May 25, 2024 1:31 AM IST
വടക്കഞ്ചേരി: മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി തലങ്ങും വിലങ്ങും റോഡുകൾ വെട്ടിപ്പൊളിച്ചത് മഴ തുടങ്ങിയതോടെ അപകടക്കെണികളായി മാറി.
പൈപ്പുകളിട്ട നാലു പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും വഴിനടക്കാൻ പോലുംപറ്റാത്ത സ്ഥിതിയിലായി. മഴയ്ക്കുമുമ്പ് പഞ്ചായത്ത് റോഡുകളെല്ലാം ടാറിംഗ് നടത്തുമെന്നു പറഞ്ഞതും വെറുതെയായി.
ഫണ്ടില്ലെന്നാണ് കാരണമായി പറയുന്നത്. ഈ മഴക്കാലം എവിടെയും ദുരിതയാത്രയാകും. കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ മാത്രമേ നടന്നുള്ളു. പദ്ധതി നടപ്പിലാകുമോ എന്നു പോലും ഉറപ്പില്ല.
എന്നാൽ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടതു പഞ്ചായത്തുകൾക്കും പൊതുമരാമത്ത് വകുപ്പിനും വലിയ ബാധ്യതയായി മാറി.
ഇനി അടുത്തൊന്നും പൊതു തെരഞ്ഞെടുപ്പില്ലാത്തതിനാൽ റോഡ് നന്നാക്കലും വൈകും. അടുത്ത കാലത്തായി ടാറിംഗ് നടത്തിയ റോഡുകൾ ഉൾപ്പെടെ മിക്കവാറും റോഡുകളും വെട്ടിപ്പൊളിച്ചാണ് പൈപ്പിടൽ നടത്തിയത്.
നന്നേ വീതികുറഞ്ഞ ഗ്രാമീണറോഡുകളുടെ സ്ഥിതിയാണ് ഏറെ പരിതാപകരമായിട്ടുള്ളത്. വഴിനടക്കാനാകാത്ത ദുരവസ്ഥയിലാണ് റോഡുകൾ. ജെസിബിയുടെ സഹായത്തോടെ ചാല് എടുത്തപ്പോൾ ബലക്കുറവുള്ള ടാറിംഗിൽ വിള്ളൽ രൂപപ്പെട്ട് ശേഷിച്ച ടാറിംഗും അടർന്നുനീങ്ങി. പാതയോരത്ത് ആഴത്തിലുള്ള ചാല് നിർമിച്ചതുമൂലം പലയിടത്തും വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോൾ. മഴയിൽ ചാലിൽ കുടുങ്ങി അപകടങ്ങളും പെരുകുകയാണ്.
പൊതുവെ മാർച്ച് മാസത്തിനുമുമ്പ് പഞ്ചായത്ത് റോഡുകളെല്ലാം റീടാറിംഗ് നടത്തിയും റിപ്പയർ ചെയ്തും ഗതാഗത യോഗ്യമാക്കാറുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി എവിടെയും കാര്യമായ വർക്കുകൾ നടന്നില്ല. കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകൾക്കു കുടിവെള്ളം എത്തിക്കുന്നതാണ് മംഗലംഡാം കുടിവെള്ള പദ്ധതി. മംഗലംഡാമിലെ മണ്ണുനീക്കുന്ന പ്രവൃത്തികൾ നിലച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. മണ്ണ് നീക്കം ചെയ്ത് വെള്ളം സംഭരിക്കാനായാൽമാത്രമെ കുടിവെള്ള പദ്ധതിക്കും വെള്ളമുണ്ടാകൂ.
അതല്ലെങ്കിൽ മഴക്കാലമാസങ്ങളിൽമാത്രം ജലവിതരണം നടത്തി വെള്ളത്തിനു കൂടുതൽ ആവശ്യം വരുന്ന വേനൽമാസങ്ങളിൽ മറ്റു വഴികൾ തേടേണ്ട ഗതികേട് വരും. പൈപ്പ് ചാലുകൾ അപകടക്കെണിയാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വണ്ടാഴി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് മെംബർ ഡിനോയ് കോമ്പാറ ആവശ്യപ്പെട്ടു.