താങ്ങുതടികൾ വെട്ടിയൊതുക്കി അടുത്ത സീസണിന്റെ ഒരുക്കത്തിൽ കർഷകർ
1423523
Sunday, May 19, 2024 6:48 AM IST
വടക്കഞ്ചേരി: മലയോര മേഖലയിൽ കുരുമുളകിന്റെ വിളവെടുപ്പ് പൂർത്തിയാക്കി അടുത്ത സീസണിനായി തോട്ടങ്ങൾ ഒരുക്കുന്ന തിരക്കുകളിലാണ് കർഷകർ. ഒരു സീസണിലെ വിളവെടുപ്പ് കഴിഞ്ഞാൽ മുളകിന്റെ താങ്ങുമരങ്ങളെല്ലാം വെട്ടി ഒതുക്കും. പടർന്നു നിൽക്കുന്ന കൊമ്പുകളെല്ലാം മുറിച്ചുമാറ്റി കുരുമുളക് കൊടികൾക്ക് നല്ല വെയിൽ കിട്ടുന്ന സ്ഥിതിയിലാക്കും.
നല്ല വെയിൽ കിട്ടിയാലെ അടുത്ത സീസണിൽ നല്ല വിളവുണ്ടാകു. മഴ ആരംഭിക്കുന്നതോടെ കൊടികളിൽ ഇനി തിരികൾ നിറയും. കീടബാധ കുറയാനും കൊടികൾക്ക് കരുത്ത് കിട്ടാനും സൂര്യതാപമേല്ക്കണം. യഥാസമയങ്ങളിൽ പരിചരണമുണ്ടെങ്കിലെ കുരുമുളകിൽ നിന്നും നല്ല ആദായം കിട്ടൂ.
സീസൺ പിൻവാങ്ങുന്നതോടെ മലയോര മേഖലയിലെ കർഷകരുടെ തിരക്കുകൾക്കും താത്കാലിക ശമനമാവുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി മുളക് പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളക് ചൂരിലായിരുന്നു മലമ്പ്രദേശങ്ങൾ. മലയോരത്ത് പത്ത് കുരുമുളക് കൊടികളെങ്കിലും ഇല്ലാത്ത വീടുകളുണ്ടാകില്ല. കുറഞ്ഞ സ്ഥലമുള്ളവരാണെങ്കിലും ഉള്ള സ്ഥലത്ത് മുളക് കൊടികൾക്കാണ് ആദ്യ പരിഗണന നൽകുക. റബർ വില ആടിയുലഞ്ഞു നിൽക്കുന്നതിനാൽ കുരുമുളകിന്റെ വിലയെ ആശ്രയിച്ചാണ് ഒരു വർഷത്തെ കുടുംബ ബജറ്റുകൾ തയാറാക്കുന്നത്. മക്കളുടെ പഠനം മുതൽ വിവാഹം വരെയും വീടു റിപ്പയർ മുതൽ തോട്ടം പരിചരണം വരെയും എല്ലാം ഈ കറുത്തമുത്തിനെ ചുറ്റിപ്പറ്റിയാകും.
വിളവ് കുറവായിരുന്നെങ്കിലും ഇക്കുറി ഭേദപ്പെട്ട വിലയുണ്ടായി. തുടർച്ചയായ പ്രളയങ്ങൾ മൂലം കൊടികൾക്കുണ്ടായ കേട്, ചൂട് മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾ തുടങ്ങി കർഷകരെ ബുദ്ധിമുട്ടിലാക്കാൻ ഇക്കുറിയും പല കാരണങ്ങളുണ്ടായി.
മുളക് പറിക്കൽ, ഉണക്കൽ, വൃത്തിയാക്കൽ തുടങ്ങിയവക്കെല്ലാം വരുന്ന ചെലവുകൾ ഉയർന്നു നിന്നു. മുമ്പൊക്കെ തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങൾ മുളക് പറിക്കാൻ മല കയറി എത്തുമായിരുന്നു ഇപ്പോൾ അതില്ല. ചില പ്രദേശത്ത് യുവാക്കൾ തന്നെ സംഘടിച്ച് മുളക് പറിക്കലിൽ പങ്കാളികളായത് വലിയ ആശ്വാസമായി. വളക്കൂറുള്ള മണ്ണായതിനാൽ കള കൂടി വർഷത്തിൽ നാല് തവണയെങ്കിലും കാട് വെട്ടി മുളക് തോട്ടം വൃത്തിയാക്കണമെന്ന് കർഷകർ പറയുന്നു.
ജൈവഗ്രാമമായതിനാൽ പാലക്കുഴിപോലെയുള്ള മലയോരത്തെ കുരുമുളകിന് വില കൂടുതലുണ്ടെന്നതാണ് ആശ്വാസം. എക്സ്പോർട്ട് ക്വാളിറ്റിയുള്ള കുരുമുളകാണ് പാലക്കുഴിയിലേത്. ഇതിനാൽ വിപണി വിലയേക്കാൾ ഇരുപത്, ഇരുപത്തഞ്ച് രൂപ കൂടുതൽ കിട്ടും. കുഞ്ചിയാർപതി, തളികകല്ല്, കടപ്പാറ മംഗലംഡാമിന്റെ മറ്റു മലപ്രദേശങ്ങളിലും ഡിമാന്റുള്ള കുരുമുളകാണ് വിളയുന്നത്. തൂക്കകൂടുതലും വലുപ്പവുമുള്ള നീലമുണ്ടി ഇനമാണ് പാലക്കുഴി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ കൂടുതലുമുള്ളത്.
കരിമുണ്ട, കരിമുണ്ടി, പന്നിയൂർ ഒന്ന് മുതൽ ആറ് വരെയുള്ള ഇനങ്ങളും അറക്കളം മുണ്ടി, നാരായ കൊടി തുടങ്ങിയ ഇനങ്ങളുമുണ്ട്. ഓരോ വർഷവും വിളവെടുപ്പ് സീസണിൽ എന്തെങ്കിലുമൊക്കെ പ്രതിസന്ധികൾ കർഷകർക്ക് നേരിടേണ്ടി വരും.
എങ്കിലും കിട്ടാത്തതിനെക്കുറിച്ചോ നഷ്ടപ്പെടുന്നതിനെക്കുറിച്ചോ പരാതിപ്പെടാതെ അധ്വാനം തുടരുകയാണ് മലയോര കർഷകരെല്ലാം. മണ്ണുചതിക്കില്ലെന്ന വിശ്വാസത്തിൽ ഒരു സീസണിൽ അല്ലെങ്കിൽ മറ്റൊരു സീസണിൽ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് അധ്വാനത്തിനെല്ലാം പ്രചോദനമാകുന്നത്.