ജീവിതപുണ്യങ്ങൾ കൊണ്ട് തീർത്ത പുഷ്പഹാരങ്ങൾ കർത്താവിനു സമർപ്പിക്കണം: മാർ കൊച്ചുപുരയ്ക്കൽ
1418678
Thursday, April 25, 2024 1:34 AM IST
മണ്ണാർക്കാട്: ജീവിത സുകൃതങ്ങൾ ആകുന്ന പുണ്യങ്ങൾകൊണ്ട് തീർത്ത പുഷ്പഹാരങ്ങളാണ് കർത്താവിനു സമർപ്പിക്കേണ്ടതെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
മണ്ണാർക്കാട് ഫൊറോനയിലെ കുമരംപുത്തൂർ ലൂർദ് മാതാ ദേവാലയത്തിൽ ഇടവകാംഗങ്ങളായ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ ്വീകരണ തിരുക്കർമത്തിൽ മുഖ്യ കാർമികത്വം വഹിച്ച് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ഓരോ തിരുക്കർമങ്ങളും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിന് ഇടവരുത്തണം. നല്ല കുടുംബങ്ങളിൽ നല്ല കുഞ്ഞുങ്ങളും നല്ല മാതാപിതാക്കളും ഉണ്ടാകും. അവരിൽനിന്നാണ് നല്ല വൈദികരും സന്യസ്തരും സമൂഹത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ഉണ്ടാവുകയുള്ളൂ: ബിഷപ് കൂട്ടിച്ചേർത്തു.
ഇടവകവികാരി ഫാ. ജോമി തേക്കുംകാട്ടിൽ, രൂപത കാര്യാലയം സെക്രട്ടറി ഫാ. ജിബിൻ പുലവേലിൽ എന്നിവർ സഹകാർമികരായിരുന്നു. തിരുക്കർമങ്ങൾക്കു മുന്നോടിയായി വികാരിയും ഇടവകാംഗങ്ങളും മെത്രാനു സ്വീകരണം നൽകി. സിസ്റ്റർ ജൂലി, സിസ്റ്റർ സഫാനിയ, കൈക്കാരന്മാരായ ബേബി കണ്ണമ്പള്ളി, ജോൺസൺ ജോർജ് എന്നിവർ നേതൃത്വം നൽകി.