സിപിഎം നേതാവ് കെ.വി. രാമകൃഷ്ണൻ അന്തരിച്ചു
1416233
Saturday, April 13, 2024 10:51 PM IST
പാലക്കാട്: സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. രാമകൃഷ്ണൻ (74) അന്തരിച്ചു. രാവിലെ ഒന്‍പതേ കാലോടെ മൃതദേഹം കണ്ണാടി പാത്തിക്കൽ കണ്ണന്പരിയാരം കുണ്ടുകുളങ്ങര വളപ്പിൽ വീട്ടിലെത്തിച്ചു. നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. 3.30 മുതൽ ആറുവരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിനു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ഭാര്യ: എം.കെ. ചന്ദ്രികാദേവി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: കെ.വി. രാഖിൻ (അസോസിയേറ്റ് പ്രൊഫസർ, ഹരിയാന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ), കെ.വി. രഥിൻ (പാലക്കാട് അർബൻ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ജെ. ജഷീന, ബി. ബിന്ദു.
2009 മുതൽ 2021 വരെ കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പഴയ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി താലൂക്ക് കുമരനെല്ലൂരിൽ കുണ്ടുകുളങ്ങര വളപ്പിൽ രാമന്റെയും അമ്മുവിന്റെയും മകനാണ്.
കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഓൾ ഇന്ത്യാ കിസാൻ കൗണ്‍സിൽ അംഗം, സെൻട്രൽ കിസാൻ കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000 മുതൽ 2005 വരെ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2007ൽ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. കാർഷിക മേഖല - പൈതൃകം, സംസ്കാരം, പ്രതിസന്ധി’എന്ന പുസ്തകവും രചിച്ചു.